തൃശൂർ പൂരം; പരിചയസമ്പന്നരായ പൊലീസുകാരെ വിന്യസിക്കും, പൂരനഗരിയിൽ രാഷ്ട്രീയ- മത- ജാതി ചിഹ്നങ്ങൾ പ്രദർശിപ്പിക്കാൻ പാടില്ല
1 min read

തൃശൂർ പൂരം നിയന്ത്രിക്കാൻ 4000ത്തോളം പൊലീസുകാരെ വിന്യസിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി വി എൻ വാസവനും മന്ത്രി കെ രാജനും മന്ത്രി ആർ ബിന്ദുവും. പൂരം ഭംഗിയായി നടത്താൻ സർക്കാരും ദേവസ്വങ്ങളും ചേർന്ന് മുന്നൊരുക്കങ്ങൾ നടത്തി. നിരവധി യോഗങ്ങൾ പൂരം മികച്ച രീതിയിൽ നടത്താൻ ചേർന്നിരുന്നു. നേരത്തെ എടുത്ത തീരുമാനങ്ങൾ ഫലം കണ്ടുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പൂരനഗരിയിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയോ മത- ജാതി ചിഹ്നങ്ങളോ പ്രദർശിപ്പിക്കാൻ പാടില്ല. ഇത് കർശനമായി ഉറപ്പാക്കും. പൂരനഗരിയിൽ പരിചയസമ്പന്നരായ പൊലീസുകാരെയായിരിക്കും വിന്യസിപ്പിക്കുക. ലഹരി പദാർത്ഥങ്ങളുടെ കടന്നുവരവ് കർശനമായി നിയന്ത്രിക്കും. സ്ഥലത്ത് കെഎസ്‌ആർടിസി കൂടുതൽ സർവീസുകൾ നടത്തും. ട്രെയിനുകൾ തൃശൂരിൽ നിർത്തും. പൂരം ദിവസം നാഷണൽ ഹൈവേ നിർമ്മാണ പ്രവർത്തികൾ നിർത്തി വെക്കാൻ ആവശ്യപ്പെടുമെന്നും മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.
സഹായിക്കാൻ ആരുടെയും ആംബുലൻസുകൾ പൂരനഗരിയിലേക്ക് വരേണ്ടതില്ല. ഡിഎംഓയുടെ സർട്ടിഫിക്കറ്റ് പതിപ്പിച്ച ആംബുലൻസുകൾ മാത്രമേ പൂരത്തിനിടെ കടത്തി വിടുകയുള്ളൂ. അല്ലാത്ത ആംബുലൻസുകൾ ഒന്നും അനുവദിക്കില്ലെന്ന് മന്ത്രി കെ രാജന്റെ ഒളിയമ്പ്.
കഴിഞ്ഞ തവണത്തെതിനേക്കാൾ കൂടുതൽ ആളുകളെയാണ് ഇത്തവണ പൂരം കാണാനായി പ്രതീക്ഷിക്കുന്നത്. രാത്രി പൂരങ്ങളിൽ ബാരിക്കേട് ഉപയോഗിച്ച് ആളുകളെ തടയില്ല. സ്വരാജ് റൗണ്ടിൽ ഇറങ്ങി നിന്ന് വെടിക്കെട്ട് മിഴിവോടെ കാണാൻ സാധിക്കും. 18000 ആളുകൾക്ക് വെടിക്കെട്ട് കാണാനാകും ഇതിനായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയതായും മന്ത്രി കെ രാജൻ വിശദമാക്കി.
