October 25, 2026

സമാധാന കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാനെതിരെ നാളെ തന്നെ ആക്രമണമുണ്ടാകും; മുന്നറിയിപ്പുമായി ട്രംപ്

SHARE

തെഹ്‌റാന്‍: സമാധാന കരാറിലെത്തിയില്ലെങ്കില്‍ ഇറാനെതിരായ നാളെ തന്നെ ആക്രമണം ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. കരാറിലെത്തുകയോ ഇറാനെ പരാജയപ്പെടുത്തുകയോ ചെയ്യേണ്ടതുണ്ടെന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍ സമാധാന ചര്‍ച്ചകളെ തകര്‍ക്കുന്നത് അമേരിക്കയെന്ന ആരോപണവുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ രംഗത്ത് വന്നിട്ടുണ്ട്. അമേരിക്ക ഭീരുക്കളാണെന്നും എല്ലാം നശിപ്പിക്കുന്നത് അവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ഇറാനെതിരെ ട്രംപ് നടത്തിയ യുദ്ധമാണ് എല്ലാ സാധനങ്ങളുടെയും വില കൂടാന്‍ കാരണമെന്ന വിമർശനവുമായി മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ രംഗത്തെത്തി. യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒഹായോയില്‍ നടന്ന പ്രചാരണ റാലിയില്‍ സംസാരിക്കവെയായിരുന്നു ഒബാമയുടെ പ്രതികരണം. ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കുന്നത് തടയുന്ന ഒരു കരാര്‍ താന്‍ നടപ്പിലാക്കിയിരുന്നു. അത് ഫലപ്രദമാണെന്ന് എല്ലാവരും അംഗീകരിച്ചതുമാണ്. അതിനായി തനിക്ക് ഒരു മിസൈല്‍ പോലും തൊടുക്കേണ്ടി വന്നില്ല. നയതന്ത്ര ചര്‍ച്ചകളിലൂടെയാണ് അത് സാധ്യമാക്കിയതെന്നും ഒബാമ വിശദീകരിച്ചു. ലോകവിപണിയിലേക്ക് എണ്ണ കൊണ്ടുപോകുന്ന ഹോര്‍മൂസ് കടലിടുക്കിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഇറാനാണ് തീരുമാനമെടുക്കുന്ന അവസ്ഥയാണ് വന്നിരിക്കുന്നത്. ഇതുകൊണ്ടാണ് എണ്ണവിലയും ഡീസല്‍ വിലയും കൂടിയത്. ഇതുകൊണ്ടാണ് മിക്കവാറും എല്ലാ സാധനങ്ങളുടെയും വില കൂടിയതെന്ന് മുന്‍ യുഎസ് പ്രസിഡന്റ് വിമര്‍ശനമുയര്‍ത്തി.

2015-ല്‍ ഒബാമയുടെ ഭരണകാലത്ത് ഇറാനുമായി ഒപ്പുവെച്ച ‘ജോയിന്റ് കോംപ്രഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍’ (JCPOA) പ്രകാരം, ഉപരോധങ്ങളില്‍ ഇളവ് ലഭിക്കുന്നതിന് പകരമായി, യുറേനിയം സമ്പുഷ്ടീകരണം പരിമിതപ്പെടുത്താനും പരിശോധനകള്‍ക്ക് വിധേയരാകാനും ഇറാന്‍ സമ്മതിച്ചിരുന്നു. എന്നാല്‍, തന്റെ ആദ്യ ഭരണകാലത്ത് 2018-ല്‍ ട്രംപ് ഈ കരാറില്‍ നിന്ന് പിന്മാറുകയായിരുന്നു.

അതേസമയം യെമനിലെ തായിസ് നഗരം പിടിക്കാന്‍ ഹൂതികള്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. തായിസിലെ അല്‍ദബാബില്‍ ഹൂതികളും സര്‍ക്കാര്‍ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ആക്രമണങ്ങളില്‍ ഹൂതികള്‍ കുട്ടികളെ മറയാക്കുന്നെന്ന ആരോപണവുമായി സര്‍ക്കാര്‍ സേന രംഗത്ത് വന്നിട്ടുണ്ട്. ഹൂതികള്‍ വിക്ഷേപിച്ച മിസൈലുകളുടെ അവശിഷ്ടങ്ങള്‍ മക്ക, ജിദ്ദ, തായിഫ്, റാബിഗ് എന്നിവിടങ്ങളില്‍ പതിച്ചതായി സൗദി അറേബ്യ അറിയിച്ചു. അതേസമയം ഹൂതികള്‍ ഏദന്‍ നഗരത്തിന് നേരെ ആക്രമണം നടത്തിയതായു യെമന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. സൗദിക്ക് എതിരെ ഹൂതികള്‍ നടത്തുന്നത് നീചമായ ആക്രമണങ്ങളാണെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ മേധാവി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഹൂതി കേന്ദ്രങ്ങള്‍ക്കെതിരെ 700-ലധികം ഓപ്പറേഷനുകള്‍ നടത്തിയതായും, അതില്‍ 300-ലധികം ഹൂതി വിമതരെ വധിച്ചതായും യെമന്‍ സര്‍ക്കാര്‍ സേന അവകാശപ്പെട്ടു.