October 25, 2026

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാലാള്‍പ്പടയാകാന്‍ വെള്ളാപ്പള്ളി മലബാറിൽ പ്രഖ്യാപനം നടത്തി; തുറന്നടിച്ച് പി ജയരാജൻ

SHARE

ആലപ്പുഴ: പുന്നപ്ര വയലാര്‍ വരാചരണത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജന്‍ രംഗത്ത്. ജാതി രാഷ്ട്രീയക്കാരെയും മത വര്‍ഗീയവാദികളെയും എതിര്‍ക്കണമെന്നും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാലാള്‍പ്പടയാകാന്‍ വെള്ളാപ്പള്ളി മലബാറില്‍ പ്രഖ്യാപനം നടത്തിയെന്നും അദ്ദേഹം തുറന്നടിച്ചു. നായാടി മുതല്‍ നമ്പൂതിരി വരെ യോജിക്കണമെന്ന് ബിജെപി പറയുമ്പോള്‍ നായാടി മുതല്‍ നസ്രാണി വരെ എന്ന് വെള്ളാപ്പള്ളി പറയുന്നു. വിവര്‍ത്തന പ്രക്ഷോഭ കാലത്തെ സി കേശവന്റെ പ്രസംഗം വെള്ളാപ്പള്ളി നടേശന്‍ കേള്‍ക്കണമെന്നും പി ജയരാജന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. വെള്ളാപ്പള്ളി ശ്രീനാരായണീയ ദര്‍ശനങ്ങളെ പിന്തുടരുകയാണോ എന്ന് ചോദിച്ച അദ്ദേഹം ഇത് തുറന്നു കാട്ടപ്പെടണമെന്നും വ്യക്തമാക്കി. എസ്എന്‍ഡിപി യോഗത്തിന്റെ ശദാബ്ദി ആഘോഷത്തിന്റെ ഭാഗമായി ജനറല്‍ സെക്രട്ടറി ഒരു പ്രഖ്യാപനം നടത്തി. എസ്എന്‍സിപി യോഗത്തെ ശക്തിപ്പെടുത്താന്‍ മലബാറിലേക്ക് താനൊരു യാഗാശ്വത്തെ കെട്ടഴിച്ച് വിട്ടിട്ടുണ്ടെന്നായിരുന്നു പ്രഖ്യാപനം. അത് ഈഴവരാദി പിന്നോക്കക്കാരുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനെല്ലെന്നും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നുമായിരുന്നു ജയരാജന്റെ വിമര്‍ശനം. ആ യാഗാശ്വത്തെ പിടിച്ച് കെട്ടിയിട്ടുണ്ട്. അതാണ് ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ജാതി രാഷ്ട്രീയത്തെ എക്കാലത്തും സിപിഐഎം എതിര്‍ത്തിട്ടുണ്ട്. സി കേശവനില്‍ നിന്ന് എത്ര ദൂരമാണ് ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിക്കുള്ളതെന്നും സിപിഐഎം നേതാവ് ചോദിച്ചു. ജാതി രാഷ്ട്രീയത്തെയും മത വര്‍ഗീയതയെയും എതിര്‍ക്കണമെന്നും രക്തസാക്ഷി വാരാചരണത്തില്‍ ആ പാരമ്പര്യം നാം ഓര്‍ക്കണം എന്നും ജയരാജന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് വെള്ളാപ്പള്ളി നേടേശന്‍ നടത്തിയ മലപ്പുറം വിരുദ്ധ പ്രസ്താവനയെ വേണ്ട വിധത്തില്‍ എതിര്‍ക്കാത്തതാണെന്നായിരുന്നു സിപിഐഎമ്മിന്റെ കണ്ടെത്തല്‍. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം അതില്‍ പോരായ്മ വന്നെന്നും കണ്ടെത്തിയിരുന്നു. പിണറായി വിജയന്റെ വാഹനത്തില്‍ വെള്ളാപ്പള്ളി നടേശനെ കയറ്റിയതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നതാണ്. വെള്ളാപ്പള്ളി വിഷയത്തില്‍ പല നേതാക്കളിലും ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുമ്പോഴാണ് പി ജയരാജന്റെ രൂക്ഷ വിമര്‍ശനം ഉണ്ടാകുന്നത്. ആലപ്പുഴയിലെ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ അടക്കം എസ്എന്‍ഡിപിയില്‍ സംഘപരിവാര്‍ കടന്നുകൂടുന്നു എന്നും അതിനെ പ്രതിരോധിക്കണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ എസ്എന്‍ഡിപിയില്‍ കടന്ന് ചെന്ന് പ്രര്‍ത്തനങ്ങളില്‍ മതേതര സ്വഭാവം കൊണ്ട് വരണമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.