മുട്ട റോസ്റ്റ് ഇങ്ങനെയെന്ന് ട്രൈ ചെയ്യൂ; ഒരു ചപ്പാത്തി അധികം കഴിക്കും
1 min read

ദിവസവും ഒരു മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണു. മുട്ടയിൽ വിറ്റാമിൻ ഡി, കാൽസ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നമ്മുടെ ആരോഗ്യത്തിന് ആവശ്യമുള്ളതുമാണ്. എന്നാൽ വെറുതെ ഓരോ മുട്ട ദിവസവും കഴിക്കുന്നതിനു പകരം അല്പം വെറൈറ്റി ആയിട്ട് എന്തെങ്കിലും വിഭവങ്ങൾ ഉണ്ടാക്കിയാൽ കഴിക്കാനും താല്പര്യം കൂടും. അത്തരത്തിൽ എല്ലാവർക്കും ഇഷ്ടമാകുന്ന ഒരു മുട്ട റോസ്റ്റ് ആവാം ഇന്നത്തെ റെസിപ്പി.
ആവശ്യമായ ചേരുവകൾ
മുട്ട- 2
സവാള- 1
ഇഞ്ചി- 1
തക്കാളി- 1
പച്ചമുളക്- 1
വെളുത്തുള്ളി- 2 അല്ലി
മല്ലിയില- ഒരു പിടി
കറിവേപ്പില- ഒരു പിടി
മല്ലിപ്പൊടി- 1 ടീസ്പൂൺ
മുളകുപൊടി- 1 ടീസ്പൂൺ
ഗരംമസാല- 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
വെളിച്ചെണ്ണ- 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, എന്നിവ ചെറുതായി അരിഞ്ഞെടുക്കുക. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കിയ ശേഷം അതിലേക്ക് അൽപ്പം വെളിച്ചെണ്ണ ഒഴിക്കാം. ഇതിൽ അരിഞ്ഞുവച്ചവയെല്ലാം ചേർത്ത് വഴറ്റിയെടുക്കാം. ഇത് വഴന്ന നല്ലതുപോലെ വെന്തുവരുമ്പോൾ അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരംമസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. കൂടാതെ ഒരു അരക്കപ്പ് വെള്ളവും ഇതിലേക്ക് ഒഴിക്കാം. ഇനി പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ച് തിളച്ചു വരുന്ന കറിയിൽ ചേർക്കാം. വെള്ളം വറ്റി കുറുകി തുടങ്ങുമ്പോൾ അടുപ്പണയ്ക്കാം. ഇനി അൽപ്പം മല്ലിയില കൂടിയിട്ട് ചൂടോടെ വിളമ്പാം
