റഷ്യയുടെ വൻ വ്യോമാക്രമണത്തെ ചെറുത്തു നിർത്തി യുക്രെയ്ൻ; 67 ഡ്രോണുകളിൽ 58 എണ്ണം പ്രതിരോധിച്ചു

1 min read
SHARE

കീവ്: രാജ്യത്തുടനീളം റഷ്യ നടത്തിയ വന്‍ വ്യോമാക്രമണത്തെ ചെറുത്തു നിര്‍ത്തിയതായി യുക്രെയ്ന്‍. റഷ്യ നടത്തിയ 67 ഡ്രോണാക്രമണങ്ങളില്‍ 58 എണ്ണവും പ്രതിരോധിക്കാന്‍ സാധിച്ചതായി യുക്രെയ്ന്‍ വ്യോമസേന അറിയിച്ചു. കീവിലെ യുക്രെയ്ന്‍ പാര്‍ലമെന്റിന് സമീപം തകര്‍ന്ന ഡ്രോണുകളെ കണ്ടെത്തിയെന്നും പാര്‍ലമെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യുക്രെയ്‌നിലുടനീളം 11 പ്രദേശങ്ങളില്‍ പ്രതിരോധ സേനയുടെ യൂണിറ്റുകളെ പ്രവര്‍ത്തനക്ഷമമാക്കിയെന്ന് വ്യോമസേനയും പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. റഷ്യയിലെ രണ്ട് അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും റഷ്യന്‍ അധിനിവേശ പെനിന്‍സുലയില്‍ നിന്നുമാണ് ഡ്രോണുകള്‍ വിക്ഷേപിച്ചതെന്നും യുക്രെയ്ന്‍ വ്യോമസേന പറഞ്ഞു. ആക്രമണത്തില്‍ നിലവില്‍ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യുക്രെയ്‌നിലെ പോള്‍ട്ടാവ നഗരത്തില്‍ ഒരാഴ്ചയായി നടക്കുന്ന മിസൈലാക്രമണങ്ങള്‍ക്കൊടുവിലാണ് പുതിയ ആക്രമണം നടന്നത്. പോള്‍ട്ടാവയിലെ ആക്രമണത്തില്‍ 55 പേര്‍ കൊല്ലപ്പെടുകയും 328ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ നാറ്റോ അംഗമായ പോളണ്ടിന്റെ സമീപമായ എല്‍വിവില്‍ ബുധനാഴ്ച നടന്ന ആക്രമണത്തില്‍ ഒരു അമ്മയും മൂന്ന് പെണ്‍മക്കളുമടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കിഴക്കന്‍ യുക്രെയ്‌നിലെ കൊസ്തിയാന്‍ടിനിവ്കയില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അതേസമയം യുക്രെയ്ന്‍ സൈന്യവും റഷ്യക്കെതിരെ ആക്രമണം നടത്തി. യുക്രെയ്ന്‍ നടത്തിയ ആക്രമണത്തില്‍ തീപ്പിടിത്തുമുണ്ടായതായി റഷ്യയിലെ അതിര്‍ത്തി പ്രദേശമായ വൊറോനെസിന്റെ ഗവര്‍ണര്‍ അലക്‌സാണ്ടര്‍ ഗുസേവ് പറഞ്ഞു. വൊറോനെസിന്റെ ഒസ്‌ട്രോഗൊഴ്‌സ്‌കി ജില്ലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നും നിരവധി ഗ്രാമങ്ങളെ ഒഴിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഏതൊക്കെ ഗ്രാമങ്ങളെയാണ് ഒഴിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. മാത്രവുമല്ല, തീപ്പിടിത്തത്തിന്റെ ചിത്രങ്ങളും വീഡിയോകളും പ്രദര്‍ശിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു. എന്നാല്‍ കിഴക്കന്‍ യുക്രെയ്‌നിലെ ഡൊനെട്‌സ്‌ക് മേഖലയിലെ ഒരു ഗ്രാമം പിടിച്ചെടുത്തതായി റഷ്യന്‍ സൈനിക മന്ത്രാലയം അറിയിച്ചു. അതേസമയം റഷ്യയിലേക്ക് ദീര്‍ഘദൂര ആക്രമണം നടത്താന്‍ തങ്ങളുടെ സഖ്യകക്ഷികളോട് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി അഭ്യര്‍ത്ഥിച്ചു. റഷ്യന്‍ പ്രദേശങ്ങളില്‍ ആക്രമണം നടത്താന്‍ ദീര്‍ഘദൂര ആയുധങ്ങള്‍ പ്രയോഗിക്കാന്‍ തന്റെ സൈന്യത്തെ അനുവദിക്കണമെന്ന് അമേരിക്കയോടും സെലെന്‍സ്‌കി ആവശ്യപ്പെട്ടു.