ലീഡ് 100 കടന്ന് വിദർഭ; കേരളത്തിന് ജയം അനിവാര്യം, സമനിലയെങ്കിൽ വിദർഭ കിരീടം നേടും
1 min read

രഞ്ജി ട്രോഫി ഫൈനലിൽ രണ്ടാം ഇന്നിംഗ്സിൽ വിദർഭയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. 15 ഓവർ പിന്നിടുമ്പോൾ വിദർഭ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 42 റൺസെടുത്തിട്ടുണ്ട്. ഒരു റൺസെടുത്ത പാർത്ഥ് രേഖാഡെയും അഞ്ച് റൺസോടെ ധ്രുവ് ഷോറെയുമാണ് പുറത്തായത്. ധ്രുവിനെ മുഹമ്മദ് അസ്ഹറുദ്ദീൻ തകർപ്പൻ ക്യാച്ചെടുത്ത് പുറത്താക്കി. നിലവിൽ വിദർഭയ്ക്ക് 80 റൺസിന്റെ ലീഡ് ഉണ്ട്.
പാർത്ഥ് രേഖാഡെയുടെ വിക്കറ്റാണ് ആദ്യം വീണത്. ജലജ് സക്സേനയുടെ പന്തിൽ രേഖാഡെ ബൗൾഡാകുകയായിരുന്നു. പിന്നാലെ എം ഡി നിധീഷിന്റെ ഓഫ്സ്റ്റമ്പിന് പുറത്തുവന്ന പന്തിൽ ബാറ്റുവെച്ച ധ്രുവ് ഷോറെയെ വലത്തേയ്ക്ക് ഡൈവ് ചെയ്ത് മുഹമ്മദ് അസ്ഹറുദ്ദീൻ കൈപ്പിടിയിലാക്കി.
രണ്ട് വിക്കറ്റ് വീഴുമ്പോൾ ഏഴ് റൺസ് മാത്രമായിരുന്നു വിദർഭയുടെ സമ്പാദ്യം. പിന്നാലെ ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ ഡാനിഷ് മാലേവാറും കരുൺ നായരുമാണ് ക്രീസിൽ. കരുൺ 26(50), ഡാനിഷ് മാലേവാർ 8(31) റൺസുമായി ക്രീസിൽ ഉണ്ട്.
നേരത്തെ മൂന്നാം ദിവസം ഒടുവിൽ ഒന്നാം ഇന്നിംഗ്സിൽ കേരളം 342 റൺസിൽ എല്ലാവരും പുറത്തായിരുന്നു. വിദർഭയുടെ ഒന്നാം ഇന്നിംഗ്സിൽ 379 റൺസാണ് നേടിയത്. 37 റൺസിന്റെ ലീഡ് വഴങ്ങിയ കേരളത്തിന് ഇനി രഞ്ജി കിരീടം സ്വന്തമാക്കാൻ മത്സരം വിജയിക്കണം. സമനില ആണെങ്കിൽ വിദർഭ കിരീടം സ്വന്തമാക്കും.
