ഇത് തടിയല്ല, നീർക്കെട്ട് മാത്രമാണ്; വ്യായാമം പൂർണ്ണമായും നിർത്തി ശരീരം ഭാരം കുറച്ച വിദ്യബാലൻ

ശരീരഭാരത്തെ പേടിച്ച് ജിമ്മിൽ മണിക്കൂറുകളോളം ചിലവഴിക്കുന്നവർക്ക് വേണ്ടി നടി വിദ്യബാലൻ സ്വന്തം അനുഭവം പങ്കുവെച്ചിരിക്കുകയാണ്. കഠിനമായ ജിം വർക്കൗട്ടുകളോ കലോറി നിയന്ത്രണങ്ങളോ അല്ല, മറിച്ച് ശരീരത്തിലെ യഥാർത്ഥ പ്രശ്നം തിരിച്ചറിയുകയാണ് വേണ്ടതെന്ന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ വിദ്യ തുറന്നു പറയുന്നു. ഗലാട്ട ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വിശദീകരിച്ചത്. “ഒരുകാലത്ത് എന്നെ ആളുകൾ തടിയത്തി എന്ന് വിളിക്കുമായിരുന്നു, എന്റെ ആത്മവിശ്വാസത്തെ ഇല്ലാതാക്കിയ സംഭവമായിരുന്നു അത്. ഇതിന് പരിഹാരം കാണാനായി പലശ്രമങ്ങളും നടത്തി. മണിക്കൂറുകളോളം വ്യായാമം ചെയ്തു. ഒടുവിൽ ചെന്നൈയിലുള്ള ഒരു പോഷകാഹാര വിദഗ്ധയെ കണ്ടു. തടിയല്ല, മറിച്ച് ശരീരത്തിലെ നീർക്കെട്ടാണ് (inflammation) വിദ്യയുടെ ശരീരഭാരം വർധിക്കുന്നതിന് കാരണമെന്ന് പോഷകാഹാര വിദഗ്ധ കണ്ടെത്തി. അങ്ങനെ ശരീരത്തിലെ നീർക്കെട്ട് ഒഴിവാക്കാനുള്ള ഒരു ഡയറ്റ് എനിക്ക് തന്നു, അത് എനിക്ക് അത്ഭുതകരമായി ഫലം ചെയ്യുകയായിരുന്നു. ഓരോ ശരീരത്തിനും ഏറ്റവും അനുയോജ്യമായത് എന്താണെന്ന് മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്. ഡോക്ടർ എന്നോട് വർക്കൗട്ട് പൂർണ്ണമായും നിർത്താൻ ആവശ്യപ്പെട്ടു. തുടക്കത്തിൽ ഇതിൽ വലിയ സംശയമുണ്ടാക്കിയിരുന്നു. ഇതിന് മുൻപ് ആരെങ്കിലും വർക്കൗട്ട് നിർത്തൂ എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ പോലും വിശ്വസിക്കില്ലായിരുന്നു. ജിമ്മിൽ ഞാൻ വലിയ കഠിനാധ്വാനം ചെയ്തിരുന്ന ആളായിരുന്നു. നേരത്തെ തടിയത്തിയെന്ന് വിളിച്ചവർ പോലും ഇപ്പോഴത്തെ എന്റെ മാറ്റം കണ്ട് അത്ഭുതപ്പെടാറുണ്ട്. എങ്ങനെയാണ് ഇത് സംഭവിച്ചതെന്നാണ് ആളുകൾ എന്നോട് ചോദിക്കുന്നത്. ഞാൻ പറയും, ഇല്ല, ഞാൻ ഒന്നും ചെയ്യുന്നില്ല. ഞാൻ ഇപ്പോൾ വളരെ സന്തോഷത്തോടെ ഇരിക്കുന്നു, എന്നത്തേക്കാളും ആരോഗ്യവതിയായി അനുഭവപ്പെടുന്നു.” – വിദ്യബാലൻ പറഞ്ഞു. ശരീരഭാരം കുറയ്ക്കാൻ വ്യായാമം നല്ലതാണെങ്കിലും അത് എപ്പോഴും നിർബന്ധമല്ലെന്നും ശരീരത്തിലെ യഥാർത്ഥ പ്രശ്നം തിരിച്ചറിഞ്ഞുള്ള വ്യായാമവും ചികിത്സയുമാണ് വേണ്ടെതെന്നുമാണ് ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

