കണ്ണൂരില്‍ യുവതിയുടെ ആത്മഹത്യ; മൂന്ന് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

1 min read
SHARE

കണ്ണൂര്‍ പറമ്പായില്‍ യുവതിയുടെ ആത്മഹത്യയില്‍ മൂന്ന് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പിന്നില്‍ സദാചാര പോലീസ് വിചാരണയെന്ന് പൊലീസ് അറിയിച്ചു. വി സി.മുബഷീര്‍ (28), കെ എ.ഫൈസല്‍ (34), വി കെ. റഫ്‌നാസ് (24) എന്നിവരാണ് അറസ്റ്റിലായത്. പറമ്പായില റസീന(40)യാണ് ചൊവ്വാഴ്ച ജീവനൊടുക്കിയത്
ആത്മഹത്യ കുറിപ്പില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഞായറാഴ്‌ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ചുനിൽക്കുന്നത് അറസ്‌റ്റിലായവർ ഉൾപ്പെടെയുള്ള സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കൈയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു.

അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച് വിചാരണ ചെയ്ത സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത് റസീനയുടേയും യുവാവിന്റെയും ബന്ധുക്കളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകി യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു. യുവാവിന്റെ കൈയിൽനിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽഫോണും അറസ്‌റ്റിലായ പ്രതികളിൽനിന്ന് പൊലീസ് കണ്ടെത്തി.

കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. തലശ്ശേരി ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു‌.