ഇന്ന് ലോക വാര്‍ത്താ വിനിമയ ദിനം; വിനിമയ സാങ്കേതിക വിദ്യയിലൂടെ ലോകത്തെയാകെ ശാക്തീകരിക്കാന്‍ ഒരു ദിനം
1 min readഇന്ന് ലോകവാര്‍ത്താ വിനിമയ ദിനം. വികസ്വര രാജ്യങ്ങളെ വാര്‍ത്താ വിനിമയ സാങ്കേതിക വിദ്യയിലൂടെ ശാക്തീകരിക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ലോകം ഒരു ആഗോള ഗ്രാമമായി ചുരുങ്ങിയതില്‍ വാര്‍ത്താവിനിമയ രംഗത്തെ വിസ്‌ഫോടനത്തിനുള്ള പങ്ക് ചെറുതല്ല. അതില്‍ എടുത്തുപറയേണ്ടതാണ് ഇന്റര്‍നെറ്റിന്റെ സംഭാവന. ലോകം മുഴുവന്‍ പൊതിയുന്ന വാര്‍ത്താവിനിമയ ശൃംഖലയായി ഇന്റര്‍നെറ്റ് മാറി. വാര്‍ത്ത പരസ്പരം കൈമാറുന്നതില്‍ വിപ്ലവകരമായ പരിവര്‍ത്തനം ഉണ്ടാക്കിയത് ഡിജിറ്റല്‍ ടെക്‌നോളജിയും പാക്കറ്റ് സ്വിച്ചിംഗ് ടെക്‌നോളജിയുമാണ്.ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോള്‍ വാര്‍ത്താ കൈമാറ്റത്തില്‍ ശോഷണം ഉണ്ടാകുന്നില്ല.വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് രാഷ്ട്രവികസനത്തിലും പുരോഗതിയിലും വലിയ പങ്കുണ്ട്. അതിനാലാണ് ഇത്തവണത്തെ പ്രമേയം, വികസനത്തില്‍ പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളുടെ വളര്‍ച്ചയില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ പങ്ക് എടുത്തുപറയുന്നത്. അന്തര്‍ദേശീയ വാര്‍ത്താവിനിമയ യൂണിയന്‍ ഐടിയു തുടങ്ങിയ ദിവസമാണ് വാര്‍ത്താ വിനിമയ ദിനമായി ആഘോഷിക്കുന്നത്. 1865 ലാണ് ഐടിയു സ്ഥാപിതമായത്. ഇക്കൊല്ലത്തെ വാര്‍ത്താവിനിമയ ദിനം 158ആമത് വാര്‍ഷികദിനമാണ്. അവിശ്വസനീയമായ കുതിച്ചുചാട്ടത്തിന് ലോകമെങ്ങുമുള്ള വാര്‍ത്താവിനിമയ മേഖല സാക്ഷ്യം വഹിക്കുമ്പോള്‍ ഇന്ത്യയും ലോകരാജ്യങ്ങള്‍ക്കൊപ്പം നേട്ടത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്നു എന്നത് എടുത്തുപറയേണ്ടതാണ്.