തിരുവനന്തപുരത്ത് ബിജെപിയുടെ വിജയാഹ്ലാദം; നഗരം ചുറ്റി വിജയിച്ചവർ; മേയർ ആരെന്നതിൽ സസ്പെൻസ് തുടരുന്നു

തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകരുടെ വിജയാഹ്ലാദം. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലാണ് കോർപറേഷനിലെ വിജയിച്ച സ്ഥാനാർത്ഥികളുമായി നഗരം ചുറ്റിയത്. സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവനിൽ നിന്ന് നഗര മേഖലകളിലേക്കാണ് റാലി നടത്തിയത്. മേയർ ആരാകുമെന്നതിൽ ഉടൻ തീരുമാനം ഉണ്ടാകും. മുൻ ജില്ലാ അധ്യക്ഷൻ വി വി രാജേഷിനാണ് മുൻഗണന. ആർ ശ്രീലേഖക്കും സാധ്യതയുണ്ട്.‘വലിയ സന്തോഷത്തിലാണ് ഞങ്ങൾ. 50 സീറ്റ് ഇവിടുത്തെ ജനത തന്നിരിക്കുകയാണ്. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്രയും സീറ്റ് തന്നത്. തിരുവനന്തപുരം നഗരം എങ്ങനെയാണ് ഭരിക്കേണ്ടത് എന്ന് ഞങ്ങൾ കാണിച്ചു നൽകും. തിരുവനന്തപുരം നഗരത്തെ അടിമുടി മാറ്റും’ ആശാനാഥ് പറഞ്ഞു. തിരുവനന്തപുരം കോർപറേഷനിലെ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ചു. പ്രധാനമന്ത്രി ഉടൻ തിരുവനന്തപുരത്ത് എത്തും.കേരളത്തിലെ ആദ്യത്തെ ബി.ജെ.പി മേയറെ തീരുമാനിക്കാൻ ബിജെപി സംസ്ഥാന നേതൃതലത്തിൽ ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ്. ആരാകും മേയറെന്ന കാര്യത്തിൽ ബിജെപി ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ല.ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിൻറെ തീരുമാന നിർണായകമാകും. ആർ.എസ്.എസിന്റെ അഭിപ്രായം കൂടി തേടി ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാണ് നീക്കം.കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് രണ്ടു സ്വതന്ത്രൻമാരുടെ പിന്തുണ നിർണ്ണായകമാണ്. അതേസമയം തിരുവനന്തപുരത്തെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തിൽ നിയമസഭ സ്ഥാനാർഥി ചർച്ചകളിലേക്കും ബിജെപി കടന്നിട്ടുണ്ട്.

