June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 22, 2026

റഷ്യന്‍ പ്രതിപക്ഷ നേതാവിനെ കൊലപ്പെടുത്തിയത് ‘തവള വിഷം’ കൊണ്ട്; അലക്‌സി നവല്‍നിയുടെ മരണത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ റിപ്പോര്‍ട്ട്

SHARE

റഷ്യന്‍ പ്രതിപക്ഷ നേതാവായ അലക്സി നവല്‍നി ജയിലില്‍ കൊല്ലപ്പെട്ടത് വിഷത്തവളയില്‍ നിന്നും വികസിപ്പിച്ചെടുത്ത വിഷം ഉപയോഗിച്ചാണെന്ന് കണ്ടെത്തല്‍. ഡാര്‍ട്ട് ഫ്രോഗില്‍ നിന്നുള്ള എപ്പിബാറ്റിഡിന്‍ എന്ന വിഷം നവല്‍നിയുടെ ശരീരത്തില്‍ കണ്ടെത്തിയതായി ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, സ്വീഡന്‍, നെതര്‍ലണ്ട്സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. 2024 ഫെബ്രുവരി 16നാണ് നവല്‍നിയെ മരിച്ച നിലയില്‍ ജയിലില്‍ കണ്ടെത്തിയത്. വിഷപ്രയോഗത്തിലൂടെയാണ് നവല്‍നിയെ റഷ്യ വധിച്ചതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.പുടിന്റെ ശക്തനായ വിമര്‍ശകനായ നവല്‍നിയുടെ മരണത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ മള്‍ട്ടി ഇന്റലിജന്‍സ് ഏജന്‍സിയില്‍ അമേരിക്ക ഉള്‍പ്പെട്ടിട്ടില്ല. 19 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥാപിച്ച ജയിലില്‍ വച്ചാണ് നവല്‍നിയുടെ മരണം സംഭവിക്കുന്നത്. കൊടും വിഷപ്രയോഗം നടത്തി ഒരു മനുഷ്യനെ ഇല്ലാതാക്കിയ ഈ പ്രവര്‍ത്തി മൃഗീയമാണെന്ന് യുകെ അന്വേഷണ റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചു. കൂടാതെ റഷ്യയെ ഓര്‍ഗനൈസേഷന്‍ ഫോര്‍ ദി പ്രൊഹിബിറ്റേഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും യുകെ മുന്നറിയിപ്പ് നല്‍കി. രാസായുധങ്ങളുടെ പ്രയോഗം സംബന്ധിച്ച ചട്ടങ്ങളുടെ ലംഘനമാണ് റഷ്യ നടത്തുന്നതെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ആഞ്ഞടിച്ചു.നവല്‍നിയുടെ ശരീരത്തില്‍ എപ്പിബാറ്റിഡിന്‍ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് കൊലപാതകത്തിനുള്ള തെളിവായാണ് റിപ്പോര്‍ട്ട് അടിവരയിടുന്നത്. നവല്‍നിയെ ഇല്ലാതാക്കണമെന്ന പ്രേരണയും അവസരവുമുണ്ടായിരുന്നത് റഷ്യന്‍ ഭരണകൂടത്തിനാണ്. സൈബീരിയയിലെ ഒറ്റപ്പെട്ട പ്രദേശത്തുള്ള ജയിലില്‍ വച്ച് വിഷപ്രയോഗം നടത്താനുള്ള അവസരമുണ്ടായിരുന്നത് റഷ്യന്‍ ഭരണകൂടത്തിനാണെന്നും റിപ്പോര്‍ട്ട് പറയുന്നു.