കൊടുങ്ങല്ലൂർ ക്ഷേത്ര സന്ദർശനം, ‘ഞാൻ ഭക്തനായി മാറിയെന്ന് പറയുന്നവരോട് സഹതാപം മാത്രം’; വിശദീകരണവുമായി പി ജയരാജൻ.

SHARE

കൊച്ചി: കൊടുങ്ങല്ലൂര്‍ ക്ഷേത്ര സന്ദര്‍ശനത്തില്‍ വിശദീകരണവുമായി സിപിഐഎം നേതാവ് പി ജയരാജന്‍. കോടതിയില്‍ പോകുന്ന വഴിക്ക് യാദൃശ്ചികമായാണ് കൊടുങ്ങല്ലൂരില്‍ ഇറങ്ങിയതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കൊടുങ്ങല്ലൂര്‍ക്കാവിനെക്കുറിച്ച് വായനയിലൂടെ അറിഞ്ഞിരുന്നുവെന്നും അതിനാലാണ് അവിടെ നേരിട്ട് പോയി എല്ലാം കാണണമെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആരാധനാലയ സന്ദര്‍ശനം നിഷിദ്ധമല്ല. ചരിത്രത്തെയും സമൂഹത്തെയും മനസ്സിലാക്കുകയാണ് ലക്ഷ്യം. താന്‍ ഭക്തനായി മാറിയെന്ന് പറയുന്നവരോട് സഹതാപം മാത്രമാണെന്നും പി ജയരാജന്‍ പറഞ്ഞു.

 

ഭക്തിയെയും ആരാധനാലയങ്ങളെയും ആര്‍എസ്എസ് എങ്ങനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരാളാണ് താന്‍. തന്റെ ഇതുവരെയുള്ള രചനകളിലും പ്രസംഗങ്ങളിലും ജീവിതാനുഭവങ്ങളിലും അതിന്റെ തെളിവുകള്‍ ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചിട്ടുണ്ട്. അത് ഇനിയും തുടരും. കൊടുങ്ങല്ലൂര്‍ കാവില്‍ പോയതുകൊണ്ട് താന്‍ ഒരു ”ഭക്തന്‍” ആയി മാറിയെന്നോ, ആരാധനാലയങ്ങളെ മാറ്റിനിര്‍ത്തിയാലേ ഈ നാടിന്റെ സാമൂഹ്യചരിത്രം പഠിക്കാന്‍ കഴിയൂ എന്നോ ആരെങ്കിലും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ അവരോട് സഹതാപമേ ഉള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.