May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 14, 2026

വി ഡിയല്ലാതെ മറ്റാര്; കേരളം ഇനി വി ഡി സതീശന്‍ നയിക്കും; പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്.

SHARE

ഒടുവില്‍ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് അവസാനം. മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നീരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക്, ജയ്‌റാം രമേശ് എന്നിവര്‍ മാധ്യമങ്ങളെ കണ്ടാണ് തീരുമാനം പ്രഖ്യാപിച്ചത്.

 

മുഖ്യമന്ത്രി പ്രഖ്യാപനം സംബന്ധിച്ച് ഇന്ന് രാവിലെയും ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ വസതിയിലും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും വസതിയിലായിരുന്നു കൂടിക്കാഴ്ചകള്‍ നടന്നത്. പ്രിയങ്കയും കെ സി വേണുഗോപാലുമായായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നിരീക്ഷകരുടെ ചുമതലയുള്ള അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക് എന്നിവരും ജയ്‌റാം രമേശുമായായിരുന്നു ഖര്‍ഗെയുടെ കൂടിക്കാഴ്ച. ഇതിന് ശേഷമായിരുന്നു മാധ്യമങ്ങളെ കാണുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചത്. ഇതിനിടെ രമേശ് ചെന്നിത്തലയെയും വി ഡി സതീശനെയും രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു.

തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്ന് പതിനൊന്നാം നാളിലാണ് കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പ്രതിസന്ധിക്ക് പരിഹാരമായത്. ഫലം വന്ന് ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി തുടങ്ങിയ അടി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷവും തുടരുകയായിരുന്നു. മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി കെ സി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും ഒരുപോലെ നില ഉറച്ചു. സംസ്ഥാന വ്യാപകമായും ഡല്‍ഹിയില്‍ വരെയും നേതാക്കള്‍ക്ക് വേണ്ടി അണികള്‍ ഫ്ളക്സുകള്‍ സ്ഥാപിച്ചു. മെയ് ഒന്‍പതിന് വിഡിയെയും കെസിയെയും ആര്‍സിയെയും ഒപ്പം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും ദീപാദാസ് മുന്‍ഷിയുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ഹൈക്കമാന്‍ഡ് കൈക്കൊണ്ടത്. എന്നാല്‍ സതീശനും രമേശ് ചെന്നിത്തലയും നിലപാട് കടുപ്പിച്ചതോടെ ഹൈക്കമാന്‍ഡ് അയഞ്ഞു. അന്നും പ്രഖ്യാപനം വന്നില്ല.

 

ഒറ്റപ്പേരിലേക്ക് എത്താന്‍ വീണ്ടും ചര്‍ച്ചകള്‍ വേണ്ടിവന്നു. അഭിപ്രായം തേടുന്നതിനായി മുന്‍ കെപിസിസി അധ്യക്ഷന്മാരായ കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ മുരളീധരന്‍, എം എം ഹസ്സന്‍, വി എം സുധീരന്‍ എന്നിവരെയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ് എന്നിവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. തൊട്ടുപിന്നാലെ ഇതില്‍ അതൃപ്തി അറിയിച്ച് വി ഡി സതീശന്‍ പക്ഷം രംഗത്തെത്തി. വര്‍ക്കിങ് പ്രസിഡന്റുമാര്‍ കെ സി പക്ഷത്തെ പ്രബലരാണെന്നും അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നത് അപഹാസ്യമാണെന്നുമായിരുന്നു വി ഡി പക്ഷം പറഞ്ഞത്. വിഷയത്തില്‍ വി ഡി സതീശന്‍ ഹൈക്കമാന്‍ഡിനെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി ചര്‍ച്ച നീണ്ടതോടെ അതൃപ്തിയുമായി ഘടകകക്ഷികും രംഗത്തെത്തി. ഏറ്റവും ഒടുവില്‍ ബുധനാഴ്ച അന്തിമ തീരുമാനത്തിനായി രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയ്ക്ക് ശേഷം രാഹുല്‍ മടങ്ങിയതിന് തൊട്ടുപിന്നാലെ ജയ്റാം രമേശ് ഖര്‍ഗെയുടെ വീട്ടിലെത്തി. തുടര്‍ന്ന് പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാകുമെന്ന് ജയ്റാ രമേശ് മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ രാഹുലിന്റെയും ഖര്‍ഗെയുടെയും വസതിയില്‍ നടന്ന യോഗത്തിന് ശേഷം പ്രഖ്യാപനം മാറ്റുകയായിരുന്നു.