May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 18, 2026

വിമാനം നിയന്ത്രിക്കുന്ന നിലയിൽ പൈലറ്റിന്‍റെ മൃതശരീരം; എയർ ഇന്ത്യ വിമാനാപകടത്തിൽ മോർച്ചറിയിൽ ദൃക്സാക്ഷി കണ്ടത്

SHARE

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന മോർച്ചറിയിൽ നിന്നുള്ള ദാരുണമായ കാഴ്ചകൾ വെളിപ്പെടുത്തി റോമിൻ വൊഹ്‌റയെന്ന യുവാവ്. അപകടത്തിൽ റോമിന്റെ അമ്മായി യാഷ്മിൻ, ലണ്ടനിലെ ആമസോണിൽ ജോലി ചെയ്തിരുന്ന സഹോദരൻ പർവേസ്, മൂന്ന് വയസ് മാത്രം പ്രായമുള്ള അനന്തരവൾ എന്നിവർ മരിച്ചിരുന്നു. കണ്ണിൽ നിന്നും ഒരിക്കലും മായ്ച്ച് കളയാൻ സാധിക്കാത്ത കാഴ്ചകളാണ് തന്നെ കാത്തിരുന്നതെന്ന് റോമിൻ ഡെയിലി മെയിലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാണ് റോമിൻ മോർച്ചറിയിലെത്തിയത്. കോവിഡ് കാലത്ത് അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ പാത്തോളജി ലാബ് അസിസ്റ്റന്റായി പ്രവർത്തിച്ച പരിചയത്തിലാണ് മോർച്ചറിക്കുള്ളിൽ റോമിന് പ്രവേശനം ലഭിച്ചത്.

പല മൃതദേഹങ്ങളും മോർച്ചറിയുടെ തറയിൽ അരികുകളിലായി കിടത്തിയിരിക്കുകയാണ്. വേർപെട്ട് പോയ തലകളും കൈകാലുകളും അവിടിവിടായി കിടപ്പുണ്ട്, കത്തിക്കരിഞ്ഞ നിലയിൽ സ്വന്തം കുഞ്ഞിനെയും ചേർത്തുപിടിച്ച് കിടക്കുന്ന ഒരു അമ്മ ഇതെല്ലാം മനസിനെ തളർത്തുന്നത് ആയിരുന്നു. ഒരു കൊച്ചുപെൺകുട്ടിയുടെ തലയോട് മരിച്ച തന്റെ അന്തരവളുടേതാണോ എന്നറിയാൻ ശ്രമിച്ചത് ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് റോമിൻ പറയുന്നു.

 

തകർന്ന് വീണ എയർ ഇന്ത്യ AI -171ന്റെ ക്യാപ്റ്റൻ സുമീത് സബർവാളിന്റെ മൃതദേഹം അപ്പോഴും ഒരു ഇരിപ്പിടത്തിൽ ഇരിക്കുന്ന രീതിയിൽ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ പിറക് ഭാഗം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മുൻഭാഗത്തിന് ഒരു പോറൽപോലും ഏറ്റിരുന്നില്ല. വെള്ള യൂണിഫോം ഷർട്ട് ധരിച്ചിട്ടുണ്ട്, തോളിലെ സ്വർണനിറത്തിലുള്ള വരകൾ മാഞ്ഞിട്ടില്ല, കറുത്ത ടൈയും പാന്റും അതുപോലെയുണ്ട്. ഷൂ ധരിച്ച നിലയിലാണ്. ആ മൃതദേഹം വിമാനം നിയന്ത്രിക്കുന്ന സ്റ്റിയറിംങ് കോളത്തിൽ ഇറുക്കി പിടിച്ചിരിക്കുന്ന രീതിയിലാണ് കാണപ്പെട്ടതെന്ന് റോമിൻ പറയുന്നു. കോക്ക്പിറ്റിൽ നിന്നും അദ്ദേഹത്തിന്റെ മൃതദേഹം രക്ഷാപ്രവർത്തകർ പുറത്തെടുക്കുമ്പോൾ വിമാനത്തിന്റെ സ്റ്റിയറിങ് ഭാഗം ഇളകിവന്നതാകാം എന്നാണ് റോമിൻ പറയുന്നത്.അവസാന നിമിഷങ്ങളിൽ അപകടം ഒഴിവാക്കാൻ ക്യാപ്റ്റൻ സബർവാൾ ശ്രമിച്ചിരുന്നുവെന്ന അവകാശവാദത്തെ ശക്തമാക്കുന്ന വെളിപ്പെടുത്തലാണ് റോമിൻ നടത്തിയിരിക്കുന്നത്. ജൂൺ 12ന് നടന്ന അപകടത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിനിടെ പറന്നുയർന്ന് സെക്കന്റുകൾക്കുള്ളിൽ വിമാനത്തിന്റെ രണ്ട് എൻജിനുകളിലേക്കുമുള്ള ഇന്ധന വിതരണം വിച്ഛേദിച്ചിരുന്നുവെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പറഞ്ഞിരുന്നു. ഇതോടെ കോക്ക്പിറ്റിനുള്ളിൽ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ സംശയങ്ങളും ഉയർന്നു.

എന്തിനാണ് ഇന്ധന വിതരണം തടസപ്പെടുത്തിയതെന്ന് പൈലറ്റുമാരിൽ ഒരാൾ ചോദിക്കുമ്പോൾ, താനത് ചെയ്തിട്ടില്ലെന്ന് അടുത്ത പൈലറ്റ് പറയുന്ന സംഭാഷണം പുറത്തുവന്നതോടെ പല പ്രചരണങ്ങളും നടന്നു.സബർവാളിന്റെ കുടുംബവും പൈലറ്റുമാരുടെ സംഘടനകളും ഈ വാദത്തെ തള്ളിയിരുന്നു. ഈ ആരോപണങ്ങൾക്ക് മറുപടി പറയാൻ രണ്ട് പൈലറ്റുമാരും ജീവനോടെയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. അതേസമയം കാര്യങ്ങൾ കൂടുതൽ വ്യക്തമാകാതെ ആരും ഒരു നിഗമനത്തിലേക്കും എത്തേണ്ടെന്നും അവസാന റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമെന്നും വ്യോമയാനമന്ത്രി രാം മോഹൻ നായിഡു ആവശ്യപ്പെട്ടിരുന്നു. അടുത്തമാസമാണ് അപകടവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പുറത്ത് വരിക.