ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്: പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല

SHARE

ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലറും മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല. ഹൈക്കോടതിയാണ് ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. മുമ്പ് മണ്ണാര്‍കാട് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ പരാതി അടിസ്ഥാന രഹിതമാണെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഉള്‍പ്പെടെ പിഴവുണ്ടായെന്നും ഉള്‍പ്പെടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. (ഈ ഘട്ടത്തില്‍ പ്രശോഭിന് ജാമ്യം അനുവദിക്കരുതെന്നും അങ്ങനെയെങ്കില്‍ കേസ് അട്ടിമറിക്കപ്പെടുമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യാ മനസിലായിട്ടുള്ളതാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇയാള്‍ക്കെതിരെ എസ് സി, എസ് ടി ആക്ട് ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്.ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയാണെങ്കില്‍ അതില്‍ ജാതി ഒരു ഘടകമായി വരുന്നില്ലെന്നും അതിനാല്‍ എസ്.സി/എസ്.ടി വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്താന്‍ കഴിയില്ലെന്നും പ്രശോഭ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദിച്ചിരുന്നു. പരാതിക്കാരിയായ യുവതിയുമായി ദീര്‍ഘകാലമായി അടുപ്പമുണ്ട്. ഈ ബന്ധം പുറംലോകം അറിഞ്ഞപ്പോള്‍ മാത്രമാണ് തനിക്കെതിരെ പരാതി നല്‍കിയതെന്നും പ്രശോഭ് വത്സന്‍ പറഞ്ഞിരുന്നു. പരാതി ഉയരുകയും അത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തതിന് പിന്നാലെ പ്രശോഭിനെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.