ഡി കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ അടുത്ത ആഴ്ച്ച

SHARE

പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും. അടുത്തയാഴ്ച്ച സത്യപ്രതിജ്ഞയുണ്ടായേക്കും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തു എന്നാണ് വിവരം. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടന്‍ രാജിവയ്ക്കും. രാജ്യസഭാ സീറ്റ് നല്‍കി സിദ്ധരാമയ്യയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് നീക്കം. ജൂണില്‍ രാജ്യസഭാ കാലാവധി അവസാനിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കര്‍ണാടക മുഖ്യമന്ത്രിയായേക്കും എന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പദവി മാറിയില്ലെങ്കില്‍ എല്ലാ പദവികളും ഒഴിവാക്കുന്നത് അടക്കമുളള നടപടികള്‍ ആലോചനയിലുണ്ടെന്ന് ഡി കെ അനുകൂലികള്‍ പ്രതികരിച്ചിരുന്നു.2023 മെയ് 20-നാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഈ മാസം സര്‍ക്കാര്‍ 3 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. മുന്‍ ധാരണ പ്രകാരം മുഖ്യമന്ത്രി സ്ഥാനം ഡി കെ ശിവകുമാറിന് കൈമാറണം. ഇതുമായി ബന്ധപ്പെട്ട് ഇരുനേതാക്കളെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണമെന്ന് സിദ്ധരാമയ്യയോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതായാണ് വിവരം. രാജ്യസഭയിലേക്ക് മാറി ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകാനാണ് സിദ്ധരാമയ്യയോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.സിദ്ധരാമയ്യയ്ക്ക് രാജ്യസഭ സീറ്റ് നല്‍കുകയും ഡല്‍ഹിയില്‍ ഉയര്‍ന്ന പദവി നല്‍കി ദേശീയ രാഷ്ട്രീയത്തില്‍ സിദ്ധരാമയ്യയെ സജീവമാക്കാനുമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. സിദ്ധരാമയ്യ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും പരിഗണിക്കുമെന്നും ഹൈക്കമാന്‍ഡ് ഉറപ്പുനല്‍കിയിട്ടുണ്ട്. കര്‍ണാടക കോണ്‍ഗ്രസിലെ നേതൃതര്‍ക്കം പരിഹരിക്കാന്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ണായക ചര്‍ച്ചയിലാണ് സിദ്ധരാമയ്യയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് ഉയര്‍ത്തിക്കാണിക്കാന്‍ കഴിയുന്ന പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള നേതാവായതിനാല്‍ സിദ്ധരാമയ്യ ഡല്‍ഹിയിലുണ്ടാവണമെന്ന ആവശ്യം ഹൈക്കമാന്‍ഡ് മുന്നോട്ടുവെച്ചിരുന്നു. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യക്ക് വലിയ ഉത്തരവാദിത്തം നിര്‍വഹിക്കാനുണ്ടെന്ന് പാര്‍ട്ടി കരുതുന്നുവെന്നും സിദ്ധരാമയ്യയെ ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുണ്ട്.