November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 6, 2026

എയിംസ് ഇല്ല; ശ്രീചിത്രയെ ദേശീയ ചികിത്സാ-ഗവേഷണ കേന്ദ്രമായി വികസിപ്പിക്കണമെന്ന് കൊടിക്കുന്നിൽ

SHARE

തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയെ എയിംസിന് സമാനമായ ബൃഹത്തായ ദേശീയ ചികിത്സാ-ഗവേഷണ കേന്ദ്രമായി വികസിപ്പിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. കേരളത്തിന് എയിംസ് അനുവദിക്കാത്ത സാഹചര്യത്തിൽ ശ്രീചിത്രയെ മുൻനിർത്തി ആരോഗ്യരംഗത്തെ വികസിപ്പിക്കണമെന്നാണ് മാവേലിക്കര എംപി ആവശ്യപ്പെട്ടിരിക്കുന്നത്.

ആരോഗ്യരംഗത്ത് കേരളത്തിൻ്റെ അഭിമാനവും രാജ്യത്തെ ഏറ്റവും പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ കേന്ദ്രങ്ങളിലൊന്നുമാണ് തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ( SCTIMST ). ആശുപത്രി ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കൊടിക്കുന്നിലിൻ്റെ പ്രതികരണം.കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി ദിനംപ്രതി ആയിരക്കണക്കിന് രോഗികളാണ് അതീവ ഗുരുതരവും സങ്കീർണവുമായ രോഗങ്ങൾക്ക് ചികിത്സ തേടി ശ്രീചിത്രയിലെത്തുന്നത്. 1991 -97 കാലഘട്ടത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടർ ബോർഡ് അംഗമായിരുന്ന കാലം മുതൽ ഈ സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങളുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി ആശുപത്രിയിലെ രോഗീസേവനങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് നേരിട്ട് സന്ദർശനം നടത്തി വിഷയങ്ങൾ ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

ചികിത്സയ്ക്കായി എത്തുന്നവരിൽ ഭൂരിഭാഗവും അടിയന്തരവും സങ്കീർണവുമായ ചികിത്സ ആവശ്യമുള്ളവരും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമാണ്. പരിശോധനകൾക്കും തുടർചികിത്സയ്ക്കും ദീർഘകാലം കാത്തിരിക്കേണ്ടിവരുന്നത്, നേരത്തെ അനുവദിച്ച അപ്പോയിൻ്റ്മെൻ്റുകൾ അവസാന നിമിഷം റദ്ദാക്കപ്പെടുന്നത് തുടങ്ങിയ പരാതികൾ ഗൗരവത്തോടെ പരിഗണിക്കേണ്ടതാണ്.

ഡോ. എംഎസ് വല്യത്താൻ ഉൾപ്പെടെയുള്ള പ്രഗത്ഭരായ ഡയറക്ടർമാർ നേതൃത്വം നൽകി രാജ്യാന്തരതലത്തിൽ തന്നെ പ്രശസ്തി നേടിയ ഈ സ്ഥാപനത്തിൽ നിന്ന് രോഗികൾ പ്രതീക്ഷിക്കുന്നത് ഏറ്റവും മികച്ച ചികിത്സയും കാര്യക്ഷമമായ സേവനവുമാണ്. നിലവിൽ ന്യൂറോ, കാർഡിയോ വാസ്കുലർ വിഭാഗങ്ങളിലായി 170 ഐസിയു കിടക്കകൾ ലഭ്യമാണെങ്കിലും രോഗികളുടെ വർധിച്ചുവരുന്ന ആവശ്യത്തിന് ആനുപാതികമായി സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്.രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് അടിയന്തര പരിഹാരം കാണണമെന്നും അപ്പോയിൻ്റ്മെൻ്റ്, പരിശോധന, തുടർചികിത്സ, ശസ്ത്രക്രിയ എന്നിവയിലെ കാലതാമസം കുറയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഡയറക്ടറോട് ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ സംവിധാനങ്ങളുമായും ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും ഏകോപിപ്പിച്ച് രാജ്യത്തെ ഏറ്റവും മികച്ച ചികിത്സാ സംവിധാനങ്ങളും ആധുനിക സാങ്കേതികവിദ്യകളും ശ്രീചിത്രയിൽ ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകൾ നടത്തും.അതോടൊപ്പം, സ്ഥാപനത്തിൻ്റെ ദീർഘകാല വികസനമാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം. സ്ഥലപരിമിതിയും വർധിച്ചുവരുന്ന രോഗികളുടെ എണ്ണവും കണക്കിലെടുത്ത് നിലവിലുള്ള ക്യാമ്പസിനപ്പുറം കൂടുതൽ സൗകര്യങ്ങളുള്ള അനുയോജ്യമായ സ്ഥലത്ത് ശ്രീചിത്രയുടെ വിപുലീകരണം ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്.

കേരളത്തിന് ഇതുവരെ എയിംസ് അനുവദിക്കാത്ത സാഹചര്യത്തിൽ, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ശ്രീചിത്രയെ തിരുവനന്തപുരത്ത് തന്നെ മറ്റൊരു അനുയോജ്യമായ സ്ഥലത്ത് എയിംസിന് സമാനമായ ബൃഹത്തായ ദേശീയ ചികിത്സാ-ഗവേഷണ കേന്ദ്രമായി വികസിപ്പിക്കണമെന്നതാണ് നിലപാട്. ഇതിനായി സംസ്ഥാന സർക്കാരിൻ്റെ പിന്തുണ ഉറപ്പാക്കുന്നതിനും കേന്ദ്ര സർക്കാരിലും ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലും ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനും മുൻകൈയെടുക്കും.ശ്രീചിത്ര ഒരു ആശുപത്രി മാത്രമല്ല, കേരളത്തിൻ്റെ അഭിമാനവും രാജ്യത്തിൻ്റെ വിലപ്പെട്ട ആരോഗ്യഗവേഷണ സ്ഥാപനവുമാണ്. അതിൻ്റെ പാരമ്പര്യവും മികവും രോഗികൾക്ക് ലഭിക്കുന്ന ചികിത്സയുടെ ഗുണനിലവാരത്തിലും സേവനങ്ങളുടെ കാര്യക്ഷമതയിലും പ്രതിഫലിക്കണം. സാമ്പത്തിക പരിമിതികളോ സ്ഥലപരിമിതിയോ കാരണം അർഹരായ രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെടുകയോ അനാവശ്യമായി വൈകുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടാകരുത്.

ശ്രീചിത്രയുടെ സേവനമികവ് വീണ്ടെടുക്കുന്നതിനും സ്ഥാപനത്തെ അടുത്ത തലമുറയുടെ ആവശ്യങ്ങൾക്കനുസരിച്ച് വികസിപ്പിക്കുന്നതിനും ആവശ്യമായ ഇടപെടലുകൾ തുടരുമെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.