വാഴക്കുലയിലെ എംഡിഎംഎ കടത്ത്; ധനേഷിന് കര്‍ണാടകയില്‍ 6 ഏക്കര്‍ വാഴത്തോട്ടം, കടത്ത് തുടങ്ങിയത് 2023 മുതൽ.

ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ ഹരിപ്പാട് പായിപ്പാട് സ്വദേശി ധനേഷ് എസ്. നായര്‍ വാഴക്കുലയില്‍ ഒളിപ്പിച്ച് എംഡിഎംഎ കടത്ത് തുടങ്ങിയത് 2023 മുതല്‍. കര്‍ണാടകയില്‍ ആറ് ഏക്കര്‍ വാഴത്തോട്ടമുണ്ട് ധനേഷിന്. നൈജീരിയക്കാരില്‍ നിന്നാണ് എംഡിഎംഎ ലഭിക്കുന്നതെന്നാണ് ധനേഷിന്റെ മൊഴി.
സ്വന്തമായും അല്ലാതെയും എംഡിഎംഎ കൊച്ചിയിലേക്ക് എത്തിച്ചിരുന്നു. എംഡിഎംഎ കൊച്ചിയിലേക്ക് എത്തിക്കാന്‍ ആളുകളെ ബെംഗളൂരുവിലേക്ക് ഇയാള്‍ വിളിച്ചു വരുത്തിയിരുന്നു. കിലോ കണക്കിലെ എംഡിഎം ശേഖരിച്ച് ചില്ലറ വില്്പന നടത്തുന്നതാണ് ധനേഷിന്റെ രീതി. ധനേഷിനെ പിടികൂടിയതോടെ വിപണി ശൃംഖലയിലെ പലരും ഒളിവില്‍ പോയി. ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി.
ആലുവ ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും എട്ട് ഗ്രാം എംഡിഎംഎയുമാണ് പിടിച്ചെടുത്തത്. ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് വന്‍തോതില്‍ എംഡിഎംഎ എത്തിച്ച് വിതരണം ചെയ്യുന്ന ലഹരിക്കടത്ത് സംഘത്തിലെ മുഖ്യപ്രതിയാണ് ധനേഷ്.
ലഹരിമരുന്ന് വാഴക്കുലകള്‍ക്കുള്ളില്‍ പൊതിഞ്ഞ് ഒളിപ്പിക്കുന്നതടക്കമുള്ള കടത്തുരീതികള്‍ വ്യക്തമാക്കുന്ന വീഡിയോകളും മറ്റ് ദൃശ്യങ്ങളും പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍നിന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ആലുവയില്‍ 185 ഗ്രാം എംഡിഎംഎയുമായി ഇന്നലെ അറസ്റ്റിലായ ഹരികൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ലഹരിമരുന്ന് വിതരണശൃംഖലയിലെ പ്രധാന കണ്ണിയായ ധനേഷിനെക്കുറിച്ച് വിവരം ലഭിച്ചത്.

