തലശ്ശേരിയിൽ ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു

തലശ്ശേരി താലൂക്കിലെ സംരംഭകർക്കും ബാങ്കുകൾക്കുമിടയിൽ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും തലശ്ശേരി താലൂക്ക് വ്യവസായ ഓഫീസിന്റെയും നേതൃത്വത്തിൽ ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ രാംപ് (റെയ്സിങ് ആൻഡ് ആക്സിലറേറ്റിങ് എം.എസ്.എം.ഇ പെർഫോമൻസ്) പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടത്തിയത്. നൂറിലധികം സംരംഭകരും ബാങ്ക് പ്രതിനിധികളും പങ്കെടുത്തു. തലശ്ശേരിയിൽ നടന്ന പരിപാടി കരായി രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്ര മാനേജർ ഇ ആർ നിധിൻ അധ്യക്ഷത വഹിച്ചു. എസ്.ബി.ഐ. ചീഫ് മാനേജർ ആർ ജിതിൻ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി സംരംഭകർക്കായി 55 ലക്ഷം രൂപയുടെ വായ്പാ അനുമതിപത്രങ്ങൾ വിതരണം ചെയ്തു. വിവിധ ബാങ്കുകളുടെ വായ്പാ പദ്ധതികൾ പരിചയപ്പെടുത്തൽ, സംരംഭകരുടെ നിക്ഷേപ പദ്ധതികളുടെ അവതരണം എന്നിവയും നടന്നു. സംരംഭകർക്ക് ബാങ്ക് പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും സംരംഭങ്ങൾ ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള സാമ്പത്തിക സഹായങ്ങളെക്കുറിച്ച് അറിയാനും അവസരമൊരുക്കി. ഉദ്യം രജിസ്ട്രേഷൻ സഹായത്തിനായി ഹെൽപ് ഡെസ്കും ഒരുക്കിയിരുന്നു.

