കോഹ്‌ലിയോ ഹാര്‍ദിക്കോ അല്ല; ലോകകപ്പ് നേട്ടത്തിന് പിന്നില്‍ ഈ മൂന്ന് പേരാണ് നെടുന്തൂണെന്ന് രോഹിത്

1 min read
SHARE

17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ ടി20 ലോകകപ്പുയർത്തിയത്. കലാശപ്പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തകര്‍ത്താണ് രോഹിത് ശര്‍മ്മയും സംഘവും ജേതാക്കളായത്. ഇപ്പോള്‍ ഇന്ത്യയുടെ ടി 20 ലോകകപ്പ് നേട്ടത്തിനു പിന്നില്‍ നെടുംതൂണുകളായി പ്രവര്‍ത്തിച്ച മൂന്നുപേരെ കുറിച്ച് തുറന്നുപറയുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവരെയാണ് ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിനു പിന്നിലെ നെടുംതൂണുകളായി ക്യാപ്റ്റന്‍ രോഹിത് തിരഞ്ഞെടുത്തത്. സിയറ്റ് ക്രിക്കറ്റ് റേറ്റിങ് അവാര്‍ഡ് ദാന ചടങ്ങിലായിരുന്നു രോഹിത്തിന്റെ പ്രതികരണം. ഇന്റര്‍നാഷണല്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു രോഹിത്. ‘ഈ ടീമിനെ രൂപാന്തരപ്പെടുത്തിയെടുക്കുക എന്നത് എന്റെ സ്വപ്‌നമായിരുന്നു. മത്സരഫലങ്ങള്‍, വ്യക്തിഗതമായുള്ള നേട്ടങ്ങള്‍ എന്നിവയെ കുറിച്ച് കൂടുതല്‍ ചിന്തിക്കാതെ സ്വതന്ത്രമായി കളിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കണമായിരുന്നു. അതായിരുന്നു ഏറ്റവും അത്യാവശ്യം’, രോഹിത് പറഞ്ഞു. ‘ലോകകപ്പ് നേട്ടത്തില്‍ എനിക്ക് മൂന്ന് നെടുംതൂണുകളുടെ സഹായവും ലഭിച്ചു. ജയ് ഷാ, രാഹുല്‍ ദ്രാവിഡ്, അജിത് അഗാര്‍ക്കര്‍ എന്നിവരാണ് അത്. ഞാന്‍ ചെയ്തുകൊണ്ടിരുന്നത് തന്നെ തുടരുകയെന്നത് വളരെ നിര്‍ണായകമായിരുന്നു. പക്ഷേ കളിക്കാരുടെ കാര്യവും മറന്നുപോകരുത്. കിരീടനേട്ടത്തിലേക്കുള്ള യാത്രയില്‍ അവരെല്ലാം ഓരോ ഘട്ടങ്ങളില്‍ ഒരുപാട് സഹായിച്ചിട്ടുമുണ്ട്’, രോഹിത് കൂട്ടിച്ചേര്‍ത്തു.