August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 26, 2026

മൂന്ന് ടവറുകളോടെ അന്താരാഷ്ട്ര നിലവാരത്തില്‍ പുതിയ കോടതി സമുച്ചയം, കളമശ്ശേരിയില്‍ ജ്യുഡീഷ്യല്‍ സിറ്റി ഒരുങ്ങുന്നത് 1000 കോടി മുതല്‍മുടക്കില്‍: വിശദമായി അറിയാം

SHARE

ക‍ളമശ്ശേരിയില്‍ ജുഡീഷ്യൽ സിറ്റിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെ പ്രാരംഭ നടപടികൾക്കായി ആഭ്യന്തര വകുപ്പിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ആയിരം കോടി രൂപ മുതൽ മുടക്കിൽ മൂന്ന് ടവറുകളോടെ അന്താരാഷ്ട്ര നിലവാരത്തിലാണ് പുതിയ കോടതി സമുച്ചയം സ്ഥാപിക്കുക. എച്ച് എം ടിയിൽ നിന്ന് ഏറ്റെടുക്കുന്ന 27 ഏക്കർ ഭൂമിയിലാണ് നിർദിഷ്ട ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുക.

2023 ലെ മുഖ്യമന്ത്രി – ചീഫ് ജസ്റ്റിസ് വാർഷികയോഗത്തിൻ്റെ തീരുമാനപ്രകാരമുള്ള നടപടികളുടെ തുടർച്ചയായാണ് മന്ത്രിസഭാ തീരുമാനത്തിന് അംഗീകാരം നല്‍കിയത്. നിയമവകുപ്പ് മന്ത്രി പി രാജീവിൻ്റെയും ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസുമാർ മുഹമ്മദ് മുഷ്താഖ്,  ബെച്ചു കുര്യന്‍ തോമസ്,  രാജ വിജയരാഘവന്‍,  സതീഷ് നൈനാന്‍ എന്നിവരുടേയും നേതൃത്വത്തില്‍ കളമശ്ശേരിയിലെ സ്ഥലം സന്ദര്‍ശിച്ച ശേഷം  പദ്ധതിയുടെ വിശദാംശങ്ങൾ തയ്യാറാക്കിയിരുന്നു.  27 ഏക്കർ സ്ഥലത്ത് 12 ലക്ഷത്തിലധികം ചതുരശ്ര അടി ആകെ വിസ്തൃതിയുള്ള മൂന്ന് ടവറുകളാവും  ജൂഡീഷ്യൽ സിറ്റിയിൽ ഉണ്ടാവും.

ഭരണഘടനയിലെ പ്രധാന തത്വങ്ങളായ തുല്യതക്കും, സ്വാതന്ത്ര്യത്തിനും, ജീവനുമുള്ള മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുന്ന 14, 19, 21 ആർട്ടിക്കിളുകളെ പ്രതിനിധീകരിക്കുന്നതാണ് മൂന്ന് ടവറുകൾ. പ്രധാന ടവറിൽ ഏ‍ഴ് നിലകളും മറ്റ് രണ്ട് ടവറുകളിൽ ആറ് നിലകൾ വീതവും ഉണ്ടാകും.

ചീഫ് ജസ്റ്റിസിൻ്റേതുൾപ്പെടെ 61 കോടതി ഹാളുകൾ, രജിസ്ട്രാർ ഓഫീസ്. ഓഡിറ്റോറിയം, വിവിധ കമ്മിറ്റികൾക്കുള്ള മുറികൾ, ഭരണ വിഭാഗത്തിനുള്ള സൗകര്യങ്ങൾ, ലൈബ്രറി ബ്ലോക്ക്,  തുടങ്ങി അതിവിപുലമായ സൗകര്യങ്ങൾ ഉണ്ടാകും. ഇതിനു പുറമേ അഡ്വക്കേറ്റ് ജനറൽ ഓഫീസ്, അഭിഭാഷകരുടെ ചേംബറുകൾ, പാർക്കിംഗ് സൗകര്യം, മഴവെള്ള സംഭരണി എന്നിവയും രൂപകൽപന ചെയ്തിട്ടുണ്ട്.

ഭൂമി ഏറ്റെടുക്കലും  കെട്ടിട നിർമ്മാണവുമുൾപ്പെടെ 1000 കോടിയിലധികം രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയാണിത്. പ്രാരംഭ നടപടികൾക്കും കേന്ദ്ര സഹായം ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനുമായി ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള ഹൈക്കോടതി സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍മ്മാണത്തെക്കുറിച്ച് ഹൈക്കോടതിയില്‍ നിന്ന് നിര്‍ദ്ദേശം ഉയര്‍ന്നത്. നിലവിലെ ഹൈക്കോടതി മന്ദിരം വിപുലീകരിക്കാൻ സ്ഥലം ഏറ്റെടുക്കുന്നതിന് പരിമിതികളുമുണ്ടെന്നും ഈ സാഹചര്യത്തിലാണ് കളമശ്ശേരിയിൽ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുക എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും മന്ത്രി പി.രാജീവ് അറിയിച്ചു.