ദൈവത്തിൻറെ സ്വന്തം നാടായ കേരളം തെരുവ് പട്ടികളുടെ സ്വന്തം നാടായിമാറിയിരിക്കുകയാണെന്ന് അഡ്വ.അബ്ദുൽകരീം ചേലേരി
1 min read

കണ്ണൂർ: ദൈവത്തിൻറെ സ്വന്തം നാടായ കേരളം തെരുവ് പട്ടികളുടെ സ്വന്തം നാടായിമാറിയിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ.അബ്ദുൽകരീം ചേലേരി. മുഴപ്പിലങ്ങാടും കൊല്ലത്തും ഉണ്ടായ സംഭവങ്ങൾ ഇതാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദിവസങ്ങൾമുമ്പാണ് തെരുവ് പട്ടികളുടെ കടിയേറ്റ് മുഴപ്പിലങ്ങാട് ഒരു പിഞ്ചു ബാലൻ മരണപ്പെട്ടത്. എന്നാൽ സർക്കാരും പ്രാദേശിക ഭരണകൂടവും അതിൽ നിന്നൊന്നും പാഠം പഠിച്ചില്ല എന്നാണ് ഇപ്പോഴും മനസ്സിലാകുന്നത്. നഗരത്തിലും, ഗ്രാമത്തിലും, ബസ്റ്റാൻഡുകളിലും, റെയിൽവേ സ്റ്റേഷനുകളിലും തെരുവ് പട്ടികൾ സ്വൈര്യവിഹാരം നടത്തുകയാണ്. അതിനെ നിയന്ത്രിക്കാൻ സർക്കാരോ പ്രാദേശിക ഭരണകൂടങ്ങളോ ഒന്നും ചെയ്യുന്നില്ല. സ്കൂളിലും മദ്രസകളിലും പോകുന്ന ചെറിയ കുട്ടികൾക്ക് നേരെയാണ് കൂടുതലായി തെരുവ് പട്ടികൾ ആക്രോഷിച്ച് അടുത്തുവരുന്നത്. ജനങ്ങളുടെ ജീവന് സംരക്ഷണം നൽകേണ്ട ഭരണകൂടം ഇതൊക്കെ നോക്കിക്കണ്ട് ആസ്വദിക്കുകയാണ്. ഈ അവസ്ഥയിലേക്ക് പോയാൽ തങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ജനം തെരുവിലിറങ്ങേണ്ട ഒരു അവസ്ഥ വന്നേക്കും. തെരുവ് പട്ടികളുടെ ആക്രമണങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ഇവയെ കൊന്നൊടുക്കുന്നതിന് ആവശ്യമായ രീതിയിൽ നിയമപരമായ നടപടികളിലേക്ക് നീങ്ങാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
