October 24, 2026

ആർട്ടെമിസ് 3: 14 ദിവസംനീണ്ടു നിൽക്കുന്ന ദൗത്യം; വിശദമായ പദ്ധതി പ്രഖ്യാപിച്ച് നാസ

SHARE

ചന്ദ്രനിലേക്ക് മനുഷ്യനെ വീണ്ടും അയക്കുന്നതിന് മുന്നോടിയായുള്ള ആർട്ടെമിസ് 3 ദൗത്യത്തിന്റെ വിശദമായ പദ്ധതി നാസ പ്രഖ്യാപിച്ചു. 2027-ലാണ് ദൗത്യം പദ്ധതിയിടുന്നത്. ദൗത്യത്തിൽ നാല് ബഹിരാകാശ സഞ്ചാരികൾ ഒറയോൺ പേടകത്തിൽ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് യാത്ര തിരിക്കും.

ബ്ലൂ ഒറിജിൻ, സ്‌പേസ്എക്‌സ് എന്നീ വാണിജ്യ പങ്കാളികൾ വികസിപ്പിച്ചെടുക്കുന്ന മനുഷ്യനെ വഹിച്ചുള്ള ലാൻഡിംഗ് സിസ്റ്റങ്ങളുടെ പരിശോധനകൾ നടത്തുകയാണ് ആർട്ടെമിസ് 3 ദൗത്യത്തിന്റെ ലക്ഷ്യം. 14 ദിവസം ദൗത്യം നീണ്ടു നിൽക്കും. മനുഷ്യനെ ചന്ദ്രനിലിറക്കുന്നതിന് മുൻപ് അപകടസാധ്യതകൾ കുറയ്ക്കാനും, ഹാർഡ്വെയറുകൾ പരിശോധിച്ച് ഉറപ്പുവരുത്താനുമാണ് ഈ ദൗത്യം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദൗത്യത്തിൽ വ്യത്യസ്ത റോക്കറ്റുകളിൽ വിക്ഷേപിക്കുന്ന മൂന്ന് പ്രത്യേക ബഹിരാകാശ പേടകങ്ങൾ ഉൾപ്പെടുന്നു.

ബ്ലൂ ഒറിജിന്റെ ‘ബ്ലൂ മൂൺ മാർക്ക് 2’ ലാൻഡറാണ് ആദ്യം വിക്ഷേപിക്കുക. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ എത്തിക്കും. ഇതിന് പിന്നാലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് എസ്.എൽ.എസ് റോക്കറ്റ് ഉപയോഗിച്ച് ഒറിയോൺ പേടകവും വിക്ഷേപിക്കും. ഒറയോണും ബ്ലൂ ഒറിജിന്റെ ലാൻഡറും ബഹിരാകാശത്ത് എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്ന് വിലയിരുത്താനുള്ള നാസയുടെ ആദ്യ അവസരമായിരിക്കും ഇത്. ബ്ലൂ ഒറിജിന്റെ ലാൻഡറുമായുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം, ഒറയോൺ അടുത്ത ഘട്ടമായ സ്‌പേസ്എക്‌സിന്റെ സ്റ്റാർഷിപ്പ് പരീക്ഷണ മാതൃകയുമായുള്ള ഡോക്കിംഗിലേക്ക് കടക്കും.

രണ്ട് മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ഈ പരിശോധനയിൽ സഞ്ചാരികൾ സ്റ്റാർഷിപ്പിനുള്ളിൽ പ്രവേശിക്കില്ല, പകരം പേടകങ്ങളുടെ നിയന്ത്രണം, ആശയവിനിമയം, സോഫ്റ്റ്വെയർ പ്രകടനം എന്നിവയിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. പരീക്ഷണങ്ങളെല്ലാം പൂർത്തിയാക്കി ഒറയോൺ ഭൂമിയിലേക്ക് മടങ്ങുകയും, കാലിഫോർണിയ തീരത്തിന് സമീപം പസഫിക് സമുദ്രത്തിൽ പതിക്കുകയും ചെയ്യും. 2028ൽ ആർട്ടെമിസ് 4 ദൗത്യത്തിലാണ് മനുഷ്യനെ ചന്ദ്രനിലെത്തിക്കാൻ നാസ പദ്ധതിയിടുന്നത്.