October 24, 2026

ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ. നാരായണൻ നമ്പൂതിരി അന്തരിച്ചു.

SHARE

ദേശീയ അധ്യാപക അവാർഡ് ജേതാവും സാഹിത്യപ്രവർത്തകനുമായ കുറുഞ്ഞങ്ങോട്ടില്ലത്ത് കെ. നാരായണൻ നമ്പൂതിരി (83) അന്തരിച്ചു. കെ. നാരായണന്റെ കണ്ണുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് നേത്രബാങ്കിന് ദാനം ചെയ്തു. ജെ.ഡി.ടി ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച അദ്ദേഹം മലയാളത്തിലും സംസ്കൃതത്തിലും ഒരുപോലെ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു. അധ്യാപനം, സാഹിത്യം, ഗ്രന്ഥശാലാ പ്രവർത്തനം, സാക്ഷരതാ പ്രവർത്തനം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി.

1960 മുതൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. കുന്നമംഗലം കോഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഡയറക്ടറായും പൈങ്ങോട്ടുപുറം ഗ്രാമസേവിനി വായനശാല സെക്രട്ടറിയായും പ്രവർത്തിച്ചു. മികച്ച സാക്ഷരതാ പ്രവർത്തകനായിരുന്ന അദ്ദേഹം സാക്ഷരതാ പുസ്തകങ്ങളുടെ രചനയിലും പ്രധാന പങ്കുവഹിച്ചു. NCERT, SCERT തുടങ്ങിയ വിദ്യാഭ്യാസ ഏജൻസികളുടെ റിസോഴ്സ് അധ്യാപകനായും സേവനമനുഷ്ഠിച്ചു.

2012ൽ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിൽനിന്ന് മികച്ച സാഹിത്യപ്രവർത്തകനുള്ള അംഗീകാരവും ഏറ്റുവാങ്ങിയിട്ടുണ്ട്. വിവിധ മേഖലകളിലായി പന്ത്രണ്ടോളം പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. സാഹിത്യരംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. നിരവധി റേഡിയോ നാടകങ്ങൾ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ദേശീയതയുടെ ഇടിമുഴക്കം, മൗലാന അബ്ദുൽ കലാം ആസാദ് ജീവചരിത്രം, ആൽബം (കുട്ടികളുടെ നോവൽ), സാഹിത്യദർപ്പണം, രാജ് ഘട്ടമേ വിട (യാത്രാവിവരണം), രാമായണം പഠനവും വ്യാഖ്യാനവും, ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന കൃതിയുടെ പുനരാഖ്യാനം എന്നിവയാണ് പ്രധാന കൃതികൾ.

ഭാര്യ: നളിനി അന്തർജനം.മക്കൾ: സന്തോഷ് ബാബു (എഞ്ചിനീയർ, യു.എ.ഇ.), സജീഷ് നാരായൺ (അധ്യാപകൻ, ജി.എച്ച്.എസ്.എസ്. മടിക്കൈ, KSTA സംസ്ഥാന കമ്മിറ്റി അംഗം), മരുമക്കൾ: ധന്യ (ദുബായ്), ഡോ. എ. റീന (അധ്യാപിക, ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂർ). സംസ്കാരം ശനിയാഴ്ച പകൽ 12ന് നടക്കും.