ഇറാനെതിരെ വീണ്ടും സൈനിക നടപടി ആരംഭിക്കാൻ സാധ്യതയുണ്ട്; മുന്നോട്ടുവച്ച വ്യവസ്ഥകൾ അംഗീകരിക്കണം: ട്രംപ്

ഇറാനെതിരെ അമേരിക്ക വീണ്ടും സൈനിക നടപടി ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംഘർഷം അവസാനിപ്പിക്കാൻ ഇറാൻ അമേരിക്ക മുന്നോട്ടുവച്ച വ്യവസ്ഥകൾ അംഗീകരിക്കണമെന്നും ട്രംപ് പറഞ്ഞു. ഈ വാരാന്ത്യത്തിൽ തന്നെ ഇറാനെതിരെ അമേരിക്ക ആക്രമണം നടത്തിയേക്കുമെന്ന് തുർക്കിയിലെ യുഎസ് അംബാസഡർ ടോം ബരാക് പറഞ്ഞതിനെപ്പറ്റി മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ അത്തരമൊരു ആക്രമണ പദ്ധതിയെപ്പറ്റി തനിക്ക് അറിയില്ലെന്നും ട്രംപ് പറഞ്ഞു.
ഇറാനിലേക്ക് അമേരിക്ക കരയാക്രമണം നടത്തിയാൽ ഇറാൻ വിദേശ സൈനികരുടെ ശവക്കുഴിയായി മാറുമെന്ന് ഐആർജിസി ജനറൽ യാദുള്ള ജവാനി മുന്നറിയിപ്പ് നൽകി. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും അടുത്തയാഴ്ച മോസ്കോയിൽ കുടിക്കാഴ്ച നടത്തും. ഇറാന് ഇപ്പോഴും എണ്ണ കയറ്റുമതിയിൽ നിന്ന് വിദേശനാണ്യം ലഭിക്കുന്നുണ്ടെന്ന് ഇറാൻ സെൻട്രൽ ബാങ്ക് ഗവർണർ അബ്ദുൾ നാസർ ഹെമ്മാത്തി വ്യക്തമാക്കി. ട്രംപിന്റെ ഭരണ കാലാവധി കഴിഞ്ഞും ഉപയോഗിക്കാനുള്ള മതിയായ കരുതൽ ശേഖരമുണ്ടെന്നും ഹെമ്മാത്തി പറഞ്ഞു.
പശ്ചിമേഷ്യയിലെ അസ്ഥിരതയ്ക്കു കാരണം ഇസ്രയേൽ ആണെന്ന് ഇസ്താംബൂളിൽ നടന്ന R4 യോഗത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഈജിപ്ത്, സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ വ്യക്തമാക്കി. ഹൂതികൾ സൗദിക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്നും ഹോർമുസ് തുറക്കണമെന്നും R4 രാജ്യങ്ങൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

