നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: കെമിസ്ട്രി ചോദ്യങ്ങൾ കോച്ചിങ് സെന്റർ ഉടമയുടെ ഫോണിൽ കണ്ടെത്തി; തെളിവ് ലഭിച്ചതായി CBI

ഡൽഹി: 2026ലെ നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ നിർണായക തെളിവ് ലഭിച്ചതായി സിബിഐ. കെമിസ്ട്രി ചോദ്യങ്ങൾ ലാത്തൂരിലെ കോച്ചിങ് സെന്റർ ഉടമയുടെ ഫോണിൽ കണ്ടെത്തി. 45 കെമിസ്ട്രി ചോദ്യങ്ങളും എൻടിഎയുടെ മാസ്റ്റർ സെറ്റുമായി പൊരുത്തപ്പെട്ടെന്നും സിബിഐ. വാട്സ്ആപ്പ്, ടെലിഗ്രാം, എയർഡ്രോപ്പ് എന്നിവ വഴി ചോദ്യപ്പേപ്പർ വ്യാപകമായി പ്രചരിപ്പിച്ചെന്നും കണ്ടെത്തൽ. ശാസ്ത്രീയ റിപ്പോർട്ട് സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഉൾപ്പെടുത്തി. 13 പ്രതികൾക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്. എൻടിഎയുടെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കില്ലെന്ന് സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. പിവി കുൽക്കർണി, മനീഷ മന്ദാരെ എന്നീ കെമിസ്ട്രി, ഫിസിക്സ് അധ്യാപകരിൽ നിന്നാണ് ചോദ്യങ്ങൾ വ്യാപകമായി ചോർന്നത്. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള RCC കോച്ചിംഗ് സെന്ററും ചോർച്ചയുടെ വ്യാപ്തി വലുതാക്കി. കോച്ചിംഗ് സെന്റർ ഉടമ ശിവരാജ് ഉൾപ്പടെ 13 പേരെയാണ് കുറ്റപത്രത്തിൽ പ്രതിചേർത്തിരിക്കുന്നത്. ശിവരാജ് പകർത്തിയ 132 കെമിസ്ട്രി ചോദ്യങ്ങളിൽ 111 എണ്ണവും ചോദ്യപേപ്പറുമായി പൊരുത്തപ്പെട്ടിരുന്നു. അധ്യാപകരും ഇടനിലക്കാരും അടങ്ങിയ ഒരു വലിയ ശൃംഖലയാണ് ചോർച്ചയ്ക്ക് പിന്നിൽ. കുറ്റകൃത്യത്തിന്റെ ഉറവിടം മഹാരാഷ്ട്ര ആണെന്നും കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയിൽ നിന്ന് രാജസ്ഥാൻ വഴി ഹരിയാനയിലേക്കും കേരളത്തിലേക്കും രണ്ടു വഴികളായാണ് ചോർച്ച സംഭവിച്ചിരിക്കുന്നത്. ടെലിഗ്രാം ആപ്പിലൂടെയുള്ള പരിശോധനയാണ് ഈ വിവരങ്ങൾ സിബിഐയ്ക്ക് നൽകിയത്.

