അഴീക്കോട് മണ്ഡലം തീരസദസ്സ്: അപകടരഹിതമായ മല്‍സ്യബന്ധനം പ്രോത്സാഹിപ്പിക്കണം; മന്ത്രി സജി ചെറിയാന്‍
1 min readഅഴീക്കോട്: അപകടരഹിതമായ മല്‍സ്യബന്ധനം പ്രോത്സാഹിപ്പിക്കണമെന്നും അതിനായി കൃത്യമായ സുരക്ഷാസംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അഴീക്കോട് നിയോജക മണ്ഡലം തീരസദസ്സ് നീര്‍ക്കടവ് ഗവ. ഫിഷറീസ് എല്‍ പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോകുമ്പോള്‍ നിര്‍ബന്ധമായും ലൈഫ് ജാക്കറ്റ് ധരിക്കണം. ബോട്ടുമായി ഇറങ്ങുമ്പോള്‍ തന്നെ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ഓരോ തീരപ്രദേശങ്ങളിലും ജാഗ്രതകമ്മിറ്റി രൂപീകരിക്കണം. മല്‍സ്യത്തൊഴിലാളികള്‍ പരമ്പരാഗത തൊഴിലിനോടൊപ്പം മറ്റു തൊഴില്‍ മേഖലകളില്‍ കൂടി സജീവമാകണം. അതിന് വേണ്ട എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി ഉറപ്പ് നല്‍കി. വിദ്യാഭ്യാസ രംഗത്തും വലിയ മാറ്റങ്ങള്‍ കൊണ്ട് വരും. ഫിഷറീസ് വകുപ്പിന് കീഴിലെ പയ്യന്നൂര്‍ ഫിഷറീസ് കോളേജില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് 20 ശതമാനം സംവരണം നല്‍കും. പുതിയൊരു തൊഴില്‍ സംസ്‌കാരം രൂപപ്പെടുത്തുന്നതിനായി കെ ഡിസ്‌കുമായി ചേര്‍ന്ന് തീരദേശത്താകെ ജോബ് ഫെയര്‍ സംഘടിപ്പിക്കും. വ്യാവസായിക സംരംഭ പദ്ധതികളെ പ്രോത്സാഹിപ്പിക്കും. പ്രതിസന്ധികളെ തരണം ചെയ്യാന്‍ മറ്റേതെങ്കിലും തൊഴില്‍ കൂടി പഠിച്ചെടുക്കണമെന്നും അതിനാണ് ഇത്തരത്തിലൊരു തൊഴില്‍ സംസ്‌കാരം രൂപപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു. ഉപരിപഠനത്തിലും കായികരംഗത്തും മികച്ച നേട്ടം കൈവരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കളെ ചടങ്ങില്‍ ആദരിച്ചു. സാഫിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ അഭ്യസ്തവിദ്യരായ യുവതികള്‍ക്കായി നടപ്പാക്കിയ സൗജന്യ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ജില്ലയിലെ 3 പേര്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിര്‍വ്വഹിച്ചു. അതോടൊപ്പം മണ്ഡലത്തിലെ മികച്ച മത്സ്യതൊഴിലാളി ഗ്രൂപ്പായ അഴീക്കോട് കടപ്പുറം സംഘത്തിനുള്ള മൊമെന്റോയും മന്ത്രി നല്‍കി. ചടങ്ങില്‍ കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി സരള, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, വൈസ് പ്രസിഡണ്ട് അബ്ദുല്‍ നിസാര്‍ വായിപ്പറമ്പ്, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി സുശീല, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രമേശന്‍, വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി ഷമീമ, ചിറക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി, ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ എന്‍ എസ് ശ്രീലു, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ലിറ്റി ജോസഫ്, മത്സ്യഫെഡ് ഡയറക്ടര്‍ ദിനേശ് ചെറുവാട്ട്, ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സജി എം രാജേഷ്, വിവിധ പാര്‍ട്ടി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.