ബാർക്ക് റേറ്റിംഗ് തട്ടിപ്പ്; റിപ്പോർട്ടർ ടി വി ഉടമ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്ത് കളമശേരി പൊലീസ്

വാർത്താ ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാർക്ക് ഡേറ്റാ തട്ടിപ്പിൽ റിപ്പോർട്ടർ ടി വി എംഡി ആന്റോ അഗസ്റ്റിനെ രണ്ടാം പ്രതിയാക്കി കളമശ്ശേരി പൊലീസ് കേസെടുത്തു. ബാർക്ക് ജീവനക്കാരൻ പ്രേംനാഥാണ് ഒന്നാംപ്രതി. കൃത്രിമ രേഖ ചമക്കൽ, വഞ്ചനാ കുറ്റം എന്നിവ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ബാർക്ക് ഡേറ്റയിൽ തിരിമറി നടത്തി റിപ്പോർട്ടർ ടിവിയെ മുന്നിലെത്തിക്കാൻ പ്രേംനാഥിന് ആന്റോ അഗസ്റ്റിൻ കോടികൾ കൈമാറിയെന്ന് കണ്ടെത്തിയിരുന്നു.
ക്രിപ്റ്റോ കറൻസി വഴിയും ഇടപാടുകൾ നടന്നെന്നും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിനെ കുറിച്ച് വിശദ അന്വേഷണം വേണമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തോട്, വാർത്താ ചാനലുകളുടെ സംഘടനയായ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ബാർക്ക് ജീവനക്കാരൻ പ്രേംനാഥും കേരളത്തിലെ ആ ചാനൽ ഉടമയും തമ്മിൽ നിരന്തരം ഫോൺവിളികളും വാട്സ് ആപ്പ് ചാറ്റുകളും നടന്നു. ആ വാട്സ് ആപ്പ് ചാറ്റുകളും പുറത്തുവിട്ടിരുന്നു.
2025 മെയ് 17ന് ചാനൽ ഉടമ ആന്റോ അഗസ്റ്റിൻ രാവിലെ 6.19 ന് പ്രേംനാഥിനോട് വാട്ട്സാപ്പ്ചാറ്റിലൂടെ സ്കോർ എത്ര എന്ന് ചേദിക്കുന്നു. അതിന് മറുപടിയായി അല്പസമയത്തിനുശേഷം 6.33ന് പ്രേംനാഥ് will update എന്ന് അയക്കുന്നു. 6-35 ന് ചാനൽ ഉടമ Okഎന്ന് തിരിച്ച് മെസേജ് അയക്കുന്നു. തുടർന്ന് അന്നുതന്നെ വൈകീട്ട് 3.10 ന് 113 to 116എന്ന് പ്രേംനാഥ് ചാനൽ ഉടമയ്ക്ക് റേറ്റിംഗ് നമ്പർ അയക്കുന്നു. തുടർന്ന് വന്ന റേറ്റിംഗിൽ ഈ നമ്പർ കിറുകൃത്യമായി എന്നതും തട്ടിപ്പിൻ്റെ തെളിവായി അവശേഷിക്കുന്നു.
അതേസമയം, സ്വന്തം ചാനലിൻ്റെ റേറ്റിംഗ് വർധിപ്പിച്ച് പരസ്യ വരുമാനം വർധിപ്പിക്കുന്നതിനോടൊപ്പം മറ്റ് ചാനലുകളുടെ റേറ്റിംഗ് താഴ്ത്താനുമുള്ള കഴിഞ്ഞ ഒരു വർഷത്തിലധികമായി കേരളത്തിൽ വിജയകരമായി നടപ്പിലാക്കി വന്ന ചാനൽ ഉടമയുടെ ഗൂഢതന്ത്രമാണ് പുറത്തുകൊണ്ടുവന്നത്.


