ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്, നിരവധി ട്രെയിനുകള്‍ റദ്ദാക്കി
1 min readബിപോര്‍ജോയ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് മറ്റന്നാള്‍ ഉച്ചയ്ക്ക് ഗുജറാത്ത് തീരത്ത് കര തൊടുമെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘത്തെയും വിന്യസിച്ചു.
ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി മുംബൈ, ഗുജറാത്ത് തീരങ്ങളില്‍ കടല്‍ക്ഷോഭം ശക്തമായി. വ്യാഴാഴ്ച വരെ കടല്‍ പ്രക്ഷുബ്ധമാകുമെന്നാണ് മുന്നറിയിപ്പ്. അതിശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നും അറിയിപ്പുണ്ട്. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അടുത്ത അഞ്ചുദിവസം കടലില്‍ പോകരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്ത് നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ ഇതുവരെ 67 ട്രെയിനുകള്‍ റദ്ദാക്കി.അതേസമയം, കേരളത്തില്‍ കനത്ത മഴ ഇന്നും തുടരും. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. കേരളാ തീരത്ത് ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ട്. അപകട മേഖലകളില്‍ നിന്ന് മാറിത്താമസിക്കണമെന്ന് നിര്‍ദേശമുണ്ട്.