കൊച്ചിയിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം ചർച്ച ചെയ്യാൻ യോഗം വിളിച്ച് മന്ത്രി ആന്റണി രാജു; സ്വകാര്യ ബസ് ഉടമകൾ പങ്കെടുക്കും
1 min readകൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തെ തുടർന്നുണ്ടാവുന്ന അപകട സാഹചര്യങ്ങൾ ചർച്ച ചെയ്യുവാൻ ഗതാഗമന്ത്രി ആന്റണി രാജു യോഗം വിളിച്ചു ചേർക്കുന്നു. എറണാകുളത്ത് ഫെബ്രുവരി 14 ന് രാവിലെ 1030ന് ആണ് യോഗം. മോട്ടോർ വാഹന വകുപ്പ്, പൊലീസ്, റോഡ് സേഫ്റ്റി അതോറിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ ബസ് ഉടമകൾ, തൊഴിലാളി സംഘടനകൾ എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.സംസ്ഥാനത്തെ റോഡുകളിൽ പ്രത്യേകിച്ച് എറണാകുളം നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം മൂലം നിരന്തരമുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം ചേരുവാൻ തീരുമാനിച്ചതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കൊച്ചിയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിലായിരുന്നു. ദീപു കുമാർ ആണ് അറസ്റ്റിലായത്. മനപ്പൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് അറസ്റ്റ്. അപകടത്തിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു. മറൈൻ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇൻഫോപാർക്കിലേക്ക് പോവുകയായിരുന്ന സിംല എന്ന ബസിടിച്ചായിരുന്നു അപകടം നടന്നത്.