April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 3, 2025

മുടിയ്ക്ക് നിറം നല്‍കും മുന്‍പ് അറിയാന്‍

1 min read
SHARE

തലമുടിയൊക്കെ കട്ട് ചെയ്ത് നിറമൊക്കെ നല്‍കി ഒരു മേക്കോവര്‍ കൊടുത്താല്‍ നമ്മള്‍ ആളാകെ മാറും അല്ലേ. ഒരു രസത്തിനുവേണ്ടിയെങ്കിലും മുടി കളര്‍ ചെയ്യാത്തവരും കുറവാണ്. ഒരിക്കല്‍ മാത്രമല്ല. പല തവണ ഇടവേളകളില്ലാതെ മാറിമാറി നിറങ്ങള്‍ പരീക്ഷിക്കുന്നവരും കുറവല്ല. എന്നാല്‍ അടുത്ത തവണ മുടി കളര്‍ ചെയ്യാന്‍ സലൂണിലേക്ക് പോകുന്നതിന് മുന്‍പ് ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ലതാണ്.മുടി കളര്‍ ചെയ്യാന്‍ ഹെയര്‍ സലൂണില്‍ പോകുന്നതിനുമുന്‍പ് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. മുടി കളര്‍ ചെയ്യുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ മുടിയുടെ വരള്‍ച്ച, പൊട്ടല്‍, തിളക്കം നഷ്ടപ്പെടല്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. ഹെയര്‍ കളര്‍ ട്രീറ്റ്‌മെന്റുകള്‍ തലമുടിയുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കും എന്ന് അറിയേണ്ടതുണ്ട്.

അപകടം എന്തൊക്കെ

മുടിയ്ക്ക് നിറം നല്‍കുമ്പോള്‍ അത് മുടിയിഴകളുടെ രൂപത്തിലും സ്വഭാവത്തിലും ഘടനയിലും കാര്യമായ മാറ്റം വരുത്തുമെന്നാണ് ബംഗളൂരുവിലെ ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റലിലെ മെഡിക്കല്‍ ആന്‍ഡ് കോസ്‌മെറ്റിക്ക് ഡെര്‍മറ്റോളജി കണ്‍സള്‍ട്ടന്റ് ഡോ. ഷിറിന്‍ ഫുട്ടാര്‍ഡോയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ പറയുന്നത്. മുടിയിലേക്ക് ഡൈ അപ്ലേ ചെയ്യുമ്പോള്‍ അത് മുടിവേരുകളിലേക്ക് ഇറങ്ങി മുടിയുടെ സ്വാഭാവിക നിറത്തിന് മാറ്റംവരുത്തും.

രാസ വസ്തുക്കളും അവയുടെ പ്രവര്‍ത്തനങ്ങളും

ഹെയര്‍ കളറിംഗ് ഉല്‍പന്നങ്ങളില്‍ കാണുന്ന അമോണിയ ചിലരില്‍ തലയോട്ടിയില്‍ അസ്വസ്തതകള്‍ക്കും അതുപോലെ അലര്‍ജിക്കും ശ്വാസംമുട്ടലിനും കാരണമാകുന്നു. മറ്റൊന്ന് ഹോര്‍മാണ്‍ ബാലന്‍സ് തടസ്സപ്പെടുത്തുന്ന റിസോര്‍സിനോള്‍ ആണ്. പാരാ-ഫിനൈലെന്‍ഡിയാമിന്‍ (പിപിഡി) എന്ന രാസവസ്തു, ഫോര്‍മാല്‍ഡിഹൈഡ് എന്ന അറിയപ്പെടുന്ന ക്യാന്‍സറിന് വരെ കാരണമാകുന്ന കാര്‍സിനോജന്‍ ഇവയൊക്കെ അപകടകരമായ രാസ വസ്തുക്കളാണ്.

ബ്ലീച്ച് ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍

നിറം നല്‍കുന്നതിന് മുന്‍പ് മുടി സാധാരണയായി ബ്ലീച്ച് ചെയ്യാറുണ്ട്. ഇത് നിറം കൂടുതല്‍കാലം നിലനില്‍ക്കാന്‍ സഹായിക്കുന്നു. ഹൈഡ്രജന്‍ പെറോക്‌സൈഡ് പോലുളള ശക്തമായ ഓക്‌സിഡന്റുകള്‍ ഉപയോഗിച്ച് ബ്ലീച്ച് ചെയ്യുമ്പോള്‍ അത് നിങ്ങളുടെ മുടിയിലെ സ്വാഭാവികമായുളള നിറം ഇല്ലാതാക്കുന്നു. കൂടാതെ മുടിയുടെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കുകയും മുടിയുടെ ആരോഗ്യം കുറയാനും അറ്റം പിളരാനും മുടിയുടെ വരള്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്യും. ഹെയര്‍ കളറിങ് ട്രീറ്റ്‌മെന്റുകള്‍ ശരിയായി ചെയ്തില്ലെങ്കിലും കളറിങ്ങിന് ശേഷം മുടി നന്നായി പരിചരിച്ചില്ലെങ്കിലും മുടിയുടെ ആരോഗ്യത്തെ അത് ദോഷകരമായി ബാധിച്ചേക്കാം.

മുടിയ്ക്ക് നിറം നല്‍കാന്‍ പ്രായമുണ്ടോ?

മുടിയ്ക്ക് നിറം നല്‍കുന്നതിന് കൃത്യമായ പ്രായപരിധിയില്ല. എങ്കിലും കൗമാരത്തിന് ശേഷം മുടിയുടെ ഘടനയ്ക്കും തലയോട്ടിയുടെ ആരോഗ്യത്തിനുമൊക്കെ സ്ഥിരത കൈവന്നതിന് ശേഷം മാത്രം ഹെയര്‍കളറിങ് ട്രീറ്റ്‌മെന്റുകള്‍ ചെയ്യുന്നതായിരിക്കും നല്ലത്. ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ തലയോട്ടിയുടെ ഘടന വളരെ സെന്‍സിറ്റീവാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുളള കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ ഒഴിവാക്കുന്നതാണ് ഉത്തമം. 4 അല്ലെങ്കില്‍ 6 ആഴ്ചയ്ക്കിടയില്‍ ഒന്നിലധികം തവണ മുടിക്ക് നിറം നല്‍കുകയോ ബ്ലീച്ചിംഗിന് വിധേയമാക്കുകയോ ചെയതാല്‍ അത് തലമുടി പൂര്‍ണമായും നശിക്കാന്‍ കാരണമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ നിറം നല്‍കുമ്പോള്‍ കൃത്യമായ ഇടവേള നല്‍കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

മുടിയുടെ ആരോഗ്യത്തിന്

പോഷക ഘടകങ്ങളടങ്ങിയ എണ്ണകള്‍ പുരട്ടുന്നതും പ്രോട്ടീന്‍ സമൃദ്ധമായ ഉല്‍പ്പന്നങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും മുടിയ്ക്ക് ശക്തിയും ഈര്‍പ്പവും വീണ്ടെടുക്കാനും കാലക്രമേണ മുടി ആരോഗ്യകരമായി വളരാനും സഹായിക്കും. മൈലാഞ്ചി, കറ്റാര്‍വാഴ, കയ്യെന്യം, ചീവയ്ക്ക തുടങ്ങിയവയൊക്കെ നൂറ്റാണ്ടുകളായി മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഉപയോഗിക്കുന്നവയാണ്. മൈലാഞ്ചി നിറം കൊടുക്കുകമാത്രമല്ല മുടി ബലപ്പെടുത്തുകയും ചെയ്യുന്നു.

ഹെയര്‍ കളര്‍ ചെയ്യുന്നതിന് മുന്‍പ് അറിയാന്‍

  • മുടിയുടെ നിലവിലെ അവസ്ഥ വിലയിരുത്തുക.
  • കേടായതോ അമിതമായി പല ട്രീറ്റ്‌മെന്റുകള്‍ ചെയ്തതോ ആയ മുടി ഹെയര്‍ കളര്‍ ട്രീറ്റ്‌മെന്റിനോട് ഗുണകരമായി പ്രതികരിക്കില്ല. ഇത് മുടിയ്ക്ക് കൂടുതല്‍ കേട് വരുത്താനിടയാക്കും.
  • ഡൈയോടുള്ള അലര്‍ജി ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്തുനോക്കുക.
  • ചില നിറങ്ങളുടെ ഷേഡുകള്‍ നല്‍കുമ്പോള്‍ അവയ്ക്ക് ഇടയ്ക്കിടെ ചില ടച്ച്-അപ്പുകള്‍ ആവശ്യമായി വന്നേക്കാം. അതിനാല്‍, ആവശ്യമുള്ള ഷേഡും അത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ടോണിന് എങ്ങനെ യോജിക്കുന്നു എന്നതും, ആ നിറത്തിന് ആവശ്യമായ പരിപാലനവും ബ്യൂട്ടി തെറാപ്പിസ്റ്റിനോട് ചോദിച്ച് മനസിലാക്കുക.
  • അമോണിയ രഹിതമോ ദോഷകരമല്ലാത്തതോ ആയ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഉറപ്പാക്കുക
  • പ്രൊഫഷണല്‍ ഗ്രേഡ് ഡൈകള്‍ തിരഞ്ഞെടുക്കുക
  • മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ കളറിംഗിന് ശേഷം, സള്‍ഫേറ്റ് രഹിത ഷാംപൂകളും കണ്ടീഷ്ണറുകളും പതിവായി ഉപയോഗിക്കുക.
  • എല്ലാത്തിനുമുപരി മുടിയുടെ രീതി അടിസ്ഥാനമാക്കി ഏത് തരത്തിലുളള ട്രീറ്റ്‌മെന്റാണ് വേണ്ടതെന്ന് ഒരു പ്രൊഫഷണല്‍ സ്‌റ്റൈലിസ്റ്റില്‍ നിന്ന് ഉപദേശം തേടാം
  • weone kerala sm