സൗദിയിൽ കാണാതായ മലയാളി നഴ്സ് ജിദ്ദയിൽ പോലീസ് കസ്റ്റഡിയിലെന്ന് സ്ഥിരീകരണം; നടപടി നിരോധിത മരുന്നുകൾ കൈവശം വെച്ചതിന്.

അവധി കഴിഞ്ഞ് നാട്ടിൽ നിന്നും ജോലിസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ കാണാതായ മലയാളി നഴ്സ് ഫിലോമിന സൗദി അറേബ്യയിലെ ജിദ്ദ പോലീസിന്റെ കസ്റ്റഡിയിലാണെന്ന് സ്ഥിരീകരിച്ചു. വയനാട് അതിർത്തിയായ അയ്യൻകൊല്ലി സ്വദേശിനിയായ ഇവർ സൗദി അറേബ്യയിൽ കർശനമായി നിരോധിച്ച ചില മരുന്നുകൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസിലാണ് പിടിയിലായതെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഔദ്യോഗികമായി അറിയിച്ചു.
നാട്ടിലെ അവധിക്കാലത്തിന് ശേഷം ജോലിയിൽ തിരികെ പ്രവേശിക്കാനായി യാത്ര തിരിച്ച ഫിലോമിനയെ ഈ മാസം പത്താം തീയതി മുതലാണ് കുടുംബത്തിന് ബന്ധപ്പെടാൻ കഴിയാതെ പോയത്. ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ പരിശോധനയ്ക്കിടെ കസ്റ്റംസ് അധികൃതർ ഇവരുടെ പാസ്പോർട്ടും ലഗേജുകളും പിടിച്ചുവെക്കുകയായിരുന്നു. തുടർന്ന് ദിവസങ്ങളോളം ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നതോടെ കുടുംബം കടുത്ത മാനസിക വിഷമത്തിലും ആശങ്കയിലുമായിരുന്നു.
ഫിലോമിനയെ കാണാനില്ലെന്ന പരാതി ഉയർന്നതിനെ തുടർന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും പ്രവാസി സംഘടനകളും നടത്തിയ ശക്തമായ ഇടപെടലുകളിലൂടെയാണ് ഇവർ പോലീസ് കസ്റ്റഡിയിലാണെന്ന നിർണായക വിവരം പുറത്തുവന്നത്. സൗദി നിയമപ്രകാരം നിരോധിത വിഭാഗത്തിൽപ്പെടുന്ന വേദനസംഹാരികളോ മറ്റ് മരുന്നുകളോ ലഗേജിൽ കണ്ടെത്തിയതിനെ തുടർന്ന് ‘ഡ്രഗ് ട്രാഫിക്കിംഗ്’ വകുപ്പുകൾ ചുമത്തിയാണ് പോലീസ് നടപടി
സ്വീകരിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ഇവർക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ കോൺസുലേറ്റ് തലത്തിൽ പുരോഗമിക്കുകയാണ്.

