August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 29, 2026

തളിപ്പറമ്പ് ജില്ലാ ജയിലിന്റെ നിര്‍മ്മാണപ്രവര്‍ത്തനം നിലച്ചു, കെട്ടിടങ്ങള്‍ കാടുകയറുന്നു.

SHARE

തളിപ്പറമ്പ്: കൊട്ടിഘോഷിച്ച് തുടക്കംകുറിച്ച തളിപ്പറമ്പ് ജില്ലാ ജയിലിന്റെ നിര്‍മ്മാണപ്രവര്‍ത്തനം നിലച്ചു, കെട്ടിടങ്ങള്‍ കാടുകയറുന്നു.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ ബാഹുല്യവും ജയിലില്‍ ഉണ്ടായിക്കൊണ്ടിരുന്ന രാഷ്ട്രീയസംഘര്‍ഷങ്ങളും കുറക്കുന്നതിന്റെ ഭാഗമായി ജയില്‍ പരിഷ്‌ക്കരണ കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം 2015 ലാണ് തളിപ്പറമ്പില്‍ പുതിയ ജയില്‍ നിര്‍മ്മിക്കാന്‍ ആലോചന നടന്നത്.പരിയാരം പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് റവന്യു വകുപ്പിന്റെ കയ്യിലുള്ള ആറേ മുക്കാല്‍ ഏക്കര്‍ മിച്ചഭൂമിയാണ് ഇതിനായി കണ്ടെത്തിയത്.2017 ല്‍ ഈ സ്ഥലം ജയില്‍ വകുപ്പിന് കൈമാറുകയും ചെയ്തു. എന്നാല്‍ 2020 ഫിബ്രവരിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍മ്മാണ പ്രവൃത്തിക്ക് തറക്കല്ലിട്ടത്.എന്നാല്‍ കോവിഡ് കാരണം ഇഴഞ്ഞുനീങ്ങിയ പണി ഇപ്പോഴും അതുപോലെ തുടരുകയാണ്.16.5 കോടിയാണ് ജയില്‍ നിര്‍മ്മാണത്തിന് അനുവദിച്ചത്.ഇതിന്റെ ആദ്യഘട്ടമായി 5.75 കോടി രൂപ ജയില്‍ വകുപ്പ് അനുവദിക്കുകയും ചെയ്തു.ചുറ്റുമതിലും ഗേറ്റും പൂര്‍ത്തിയായെങ്കിലും കെട്ടിടങ്ങളുടെ പണി കാല്‍ഭാഗം മാത്രമേ പൂര്‍ത്തീകരിച്ചിട്ടുള്ളൂ.അഡ്മിനിസ്ട്രേറ്റീവ് വിഭാഗവും തടവുകാരെ പാര്‍പ്പിക്കാനായി രണ്ട് ഇരുനില കെട്ടിടവും അടുക്കളയുമാണ് പൂര്‍ത്തീകരിക്കാനുള്ളത്.ഇവയുടെ ഒരു നില കോണ്‍ക്രീറ്റ് ചെയ്തുവെച്ച അവസ്ഥയിലാണ്. കാസര്‍ഗോഡ് സ്വദേശിയായ കോണ്‍ട്രാക്ടര്‍ എസ്റ്റിമേറ്റ് പുതുക്കണം എന്നാവശ്യപ്പെട്ട് പണി ഏകപക്ഷീയമായി നിര്‍ത്തുകയായിരുന്നു.ഇതോടെ ഒരു വര്‍ഷത്തിലധികമായി നിലച്ച നിര്‍മ്മാണത്തിന് രണ്ടാം ഘട്ടമായി 3 കോടി രൂപ കൂടി ജയില്‍ വകുപ്പ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ നിര്‍മ്മാണം തുടങ്ങിയിട്ടില്ല.സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം 2022 ല്‍ പണി പൂര്‍ത്തിയാകേണ്ട ജയില്‍ കെട്ടിടമാണ് തറക്കല്ലിട്ട് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും എവിടെയുമെത്താതെ കാടുകയറികിടക്കുന്നത്.തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലെ റിമാന്‍ഡ്‌തടവുകാരും ഒരു വര്‍ഷം വരെ ശിക്ഷിക്കപ്പെടുന്ന തടവുകാരുമായ 300 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണ് ഇവിടെ ഏര്‍പ്പെടുത്തേണ്ടത്.അഷ്ടഭുജമാതൃകയില്‍(ഒക്ടാഗണ്‍) രൂപകല്‍പ്പന ചെയ്ത ജയില്‍ പുതിയ കാലഘട്ടത്തിന് അനുയോജ്യമായ അതീവസുരക്ഷ സംവിധാനങ്ങളുള്ളതാണ്.ഭാവിയില്‍ തടവുകാരുടെ എണ്ണം 500 ലേക്ക് വരെ വര്‍ദ്ധിപ്പിക്കാവുന്ന വിധത്തിലാണ് സൗകര്യങ്ങള്‍.തളിപ്പറമ്പ് പൊതുമരാമത്ത് വകുപ്പ് അസി.എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്കാണ് നിര്‍മ്മാണ ചുമതല.ജയില്‍വകുപ്പ് ഉന്നതര്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍മ്മാണ പ്രവൃത്തി ത്വരിതപ്പെടുത്തണമെന്ന് നിര്‍ദ്ദേശം നല്‍കാറുണ്ടെങ്കിലും ഒന്നും തന്നെ നടക്കുന്നില്ല.