October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 8, 2026

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ഇന്ന്, എം എ ബേബി യോഗത്തിൽ പങ്കെടുക്കും

SHARE

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ഇന്ന് ചേരും.തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് നടക്കാൻ പോകുന്നത്. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി യോഗത്തിൽ പങ്കെടുക്കും. രാവിലെ 10 മണിക്ക് എകെജി സെന്ററിലാണ് യോഗം ചേരുക. തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പ്രാഥമികമായുള്ള വിലയിരുത്തൽ യോഗത്തിൽ ഉണ്ടാകും.

അതിനനുസരിച്ചുള്ള കൂടുതൽ പരിശോധനകൾക്ക് യോഗത്തിൽ തീരുമാനം ഉണ്ടാകും. തിരുത്തൽ വേണ്ട ഇടങ്ങളിൽ തിരുത്തി മുന്നോട്ടുപോകുമെന്ന് നേരത്തെ തന്നെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ആഴത്തിലുള്ള പരിശോധന നടത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റും അറിയിച്ചിരുന്നു.

ആഗോളവൽക്കരണ നയങ്ങൾ അതേപോലെ നടപ്പിലാക്കി തകർന്നുകിടന്ന കേരളത്തെ അതിദാരിദ്ര്യം പരിഹരിച്ചുകൊണ്ട്‌ മുന്നോട്ടുപോകുന്ന സംസ്ഥാനമായി മാറ്റാൻ എൽഡിഎഫ്‌ സർക്കാരിന്‌ കഴിഞ്ഞെന്ന് സിപിഐ എം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. കേരളത്തിന്റെ വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ പ്രകടനപത്രികയിൽ ജനങ്ങൾക്ക്‌ നൽകിയ വാഗ്‌ദാനങ്ങളെല്ലാം നടപ്പിലാക്കുന്നതിനും സർക്കാരിന്‌ കഴിഞ്ഞു. ഇതിന്റെ ഫലമായി കേരളത്തിന്റെ സമസ്‌ത മേഖലയിലും വലിയ പുരോഗതി ആർജ്ജിക്കാനായി. കാർഷിക-വ്യാവസായിക മേഖലകൾ ശക്തിപ്പെട്ടു. ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ രാജ്യത്തിനാകെ മാതൃകയായി. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിട രംഗം, ശുചിത്വം തുടങ്ങിയ മേഖലയിൽ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യത്തിനാകമാനം മാതൃകയായി.മാറി മാറി ഭരണത്തിൽ വരികയെന്ന കേരളത്തിലെ പതിവ്‌ രീതിയെ മാറ്റിമറിച്ചുകൊണ്ടാണ്‌ കഴിഞ്ഞ 10 വർഷക്കാലം എൽ.ഡി.എഫ്‌ സർക്കാർ സംസ്ഥാനത്ത്‌ ഭരണത്തിലിരുന്നത്‌. ജനങ്ങൾക്ക്‌ നൽകിയ വാഗ്‌ദാനങ്ങളെല്ലാം ഈ കാലയളവിൽ പൂർത്തീകരിക്കാനും, പ്രകൃതി ദുരന്തങ്ങളിലും മഹാമാരിയുടെ ഘട്ടങ്ങളിലുമെല്ലാം ജനങ്ങളെ അണിനിരത്തി മുന്നോട്ടുപോകാൻ എൽ.ഡി.എഫ്‌ സർക്കാരിന്‌ കഴിഞ്ഞിരുന്നു. എൽ.ഡി.എഫിന്‌ വോട്ട്‌ ചെയ്‌ത മുഴുവൻ ജനങ്ങളേയും അഭിവാദ്യം ചെയ്യുന്നു. കേരളം നേടിയ നേട്ടങ്ങൾ സംരക്ഷിക്കാനും, ജനകീയ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും പാർടി പ്രതിജ്ഞാബദ്ധമാണെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞിരുന്നു.