നടൻ ദർശന് ജയിലിനുള്ളിൽ വിഐപി പരിഗണന: ജയിൽ ഡിജിപിയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്.
1 min read

കൊലപാതകക്കേസിലെ പ്രതിയായ നടൻ ദർശന് ജയിലിലിനുള്ളിൽ വിഐപി പരിഗണന ലഭിക്കുന്നുവെന്ന ആരോപണം ശക്തമായതോടെ ജയിൽ ഡിജിപി മാലിനി കൃഷ്ണമൂർത്തിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് കർണാടക സർക്കാർ.
ജയിൽ ഡിജിപിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചീഫ് സെക്രട്ടറി ശാലിനി രജനീഷിന് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് സർക്കാർ ജയിൽ ഡിജിപിക്ക് നേരിട്ട് നോട്ടീസ് അയച്ചിരിക്കുന്നത്.
33-കാരനായ രേണുകസ്വാമി എന്ന ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ ജൂണിലാണ് ദർശൻ അറസ്റ്റിലായത്. നടി പവിത്ര ഗൗഡയ്ക്ക് സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ സന്ദേശങ്ങൾ അയച്ചുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.
കഴിഞ്ഞ ദിവസം ജയിലിന്റെ ഉള്ളിൽ നിന്നുള്ള ദർശന്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പരപ്പര അഗ്രഹാര ജയിലിനുള്ളിൽ സിഗരറ്റ് അടക്കം കൈയ്യിൽ പിടിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ജയിലിനുള്ളിൽ ഇരുന്ന് വീഡിയോ കോൾ ചെയ്യുന്ന നടന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇതിൽ വ്യാപക വിമർശനം ഉയരുന്നതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ നടപടിക്കൊരുങ്ങുന്നത്.
