എൻഎം വിജയന്‍റെ മരണം: ഐ സി ബാലകൃഷണന്‍റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി; നാളെ വീണ്ടും ചോദ്യം ചെയ്യും
1 min read

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ മരണത്തിൽ ഐസി ബാലകൃഷണൻ എംഎൽഎയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. നാളെ വീണ്ടും ചോദ്യം ചെയ്യും. കൽപ്പറ്റ പോലീസ് ഹെഡ് ക്വാർട്ടർ ക്യാമ്പിലായിരുന്നു ചോദ്യം ചെയ്യൽ. അർബൻ ബാങ്കിൽ അനധികൃത നിയമനത്തിന് ശുപാർശ്ശ നൽകിയതുൾപ്പെടെയുള്ള കാര്യങ്ങളിൽ എംഎൽഎയിൽ നിന്ന് അന്വേഷണ സംഘം വിശദാംശങ്ങൾ തേടി. രാവിലെ 11 മണിക്കാണ് ഐ സി ബാലകൃഷണൻ ചോദ്യം ചെയ്യലിന് ഹാജരായത്.
അന്വേഷണ സംഘം തലവൻ കെകെ അബ്ദുൾ ഷെരീഫ് ഉൾപ്പെടെയുള്ള ക്രൈം ബ്രാഞ്ച് -പോലീസ് അന്വേഷണ സംഘം 10 മണിക്ക് തന്നെ പുത്തൂർ വയൽ ക്യാമ്പിലെത്തിയിരുന്നു.ഇന്നലെ ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചന്‍റേയും കെകെ ഗോപിനാഥന്‍റേയും ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിന്നാലെയാണ് ഐ സി ബാലകൃഷൺ അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്.
ഇരുവരിൽ നിന്നും ലഭിച്ച മൊഴികളുടേയും അനുബന്ധ തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു ഐസി ബാലകൃഷ്ണനെ ചോദ്യം ചെയ്തത്.അർബൻ ബാങ്കിലെ നിയമനങ്ങൾക്കായി ശുപാർശ്ശ നൽകിയതും പ്രത്യേക ലിസ്റ്റ് തയ്യാറാക്കിയതും ഐ സി ബാലകൃഷ്ണനോട് അന്വേഷണ സംഘം ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. ആത്മഹത്യാ കുറിപ്പിലെ സാമ്പത്തിക ഇടപാട് സംബന്ധിച്ച വിവരങ്ങളും ചോദ്യങ്ങളായി.
അന്വേഷണത്തോട് സഹകരിക്കുമെന്നായിരുന്നു ചോദ്യം ചെയ്യലിനെത്തിയപ്പോൾ എംഎൽഎ പ്രതികരിച്ചത്. എംഎൽഎ ഓഫീസ് ഇടപെട്ട് നിയമനങ്ങൾക്ക് പണം വാങ്ങിയെന്ന വെളിപ്പെടുത്തലിലും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ എംഎൽഎയെ ചോദ്യം ചെയ്തു. മുൻ കൂർ ജാമ്യവ്യവസ്ഥയിൽ നിർദ്ദേശിച്ച മൂന്ന് ദിവസം സമയബന്ധിത കസ്റ്റഡിയിലാണ് ഐസി ബാലകൃഷ്ണനെ ചോദ്യം ചെയ്യുന്നത്. ശനി വരെ ചോദ്യം ചെയ്യൽ തുടരും.
