വന്നിട്ടുള്ളത് യുജിസി കരട് രേഖ മാത്രം, എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിച്ചേ അന്തിമ തീരുമാനമെടുക്കൂ; ഗവർണർ
1 min read

യുജിസി കരട് റെഗുലേഷനുമായി ബന്ധപ്പെട്ട് സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തോട് പ്രതികരിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ജനാധിപത്യത്തിൽ ഏത് വിഷയത്തിലും എന്തും പറയാൻ എല്ലാവർക്കും അവകാശമുണ്ട്. അതിൻ്റേതായ വേദികളിൽ എല്ലാ കാഴ്ചപ്പാടുകളും എത്തുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യും.
ഇപ്പോൾ വന്നിട്ടുള്ളത് കരട് രേഖ മാത്രമാണ്. എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിച്ച് അന്തിമ രേഖ തയാറാകുമെന്നും ഗവർണർ ചൂണ്ടിക്കാട്ടി. നേരത്തെ, ഭരണഘടനയുടെ അന്തഃസത്ത ഉള്‍ക്കൊള്ളാതെ വൈസ് ചാന്‍സലര്‍ നിയമനത്തിലടക്കം സംസ്ഥാന സര്‍ക്കാറുകളുടെ അഭിപ്രായങ്ങൾ പൂര്‍ണമായും ഒഴിവാക്കുന്ന 2025 ലെ കരട് യുജിസി മാനദണ്ഡങ്ങള്‍ ഫെഡറല്‍ സംവിധാനത്തിനും ജനാധിപത്യത്തിനും നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ കേരള നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു.
കരട് യുജിസി മാനദണ്ഡങ്ങള്‍ പിന്‍വലിക്കണമെന്നും വിശദ ചര്‍ച്ച നടത്തി അഭിപ്രായങ്ങള്‍ ഗൗരവമായി കണക്കിലെടുത്ത് മാത്രമേ പുതിയത് പുറപ്പെടുവിക്കാവൂ എന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചട്ടം 118 പ്രകാരം അവതരിപ്പിച്ച പ്രമേയം കേരള നിയമസഭ പാസാക്കിയത്.
