എല്ലാ ഇന്ത്യന്‍ എയര്‍ലൈനുകളിലെയും പൈലറ്റുമാർക്ക് ഇനി ലഹരി പരിശോധന നിർബന്ധം; നിർദേശവുമായി ഡിജിസിഎ

എല്ലാ ഇന്ത്യന്‍ എയര്‍ലൈനുകളിലെയും പൈലറ്റുമാര്‍ക്ക് സൈക്കോ ആക്ടീവ് ലഹരി പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. കഴിഞ്ഞ മാസം എയര്‍ ഇന്ത്യ വിമാനത്തിലെ ക്യാപ്റ്റന്‍ ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി. അടുത്ത വര്‍ഷം ജൂലൈയ്ക്കുള്ളില്‍ എല്ലാ പൈലറ്റുമാരുടെയും പരിശോധന പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ഓഗസ്റ്റിലാണ് ഇത് സംബന്ധിച്ച് എയര്‍ലൈനുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഇന്ത്യന്‍ എയര്‍ലൈനുകളില്‍ ആകെ 14,000ഓളം പൈലറ്റുമാരുണ്ടെന്നാണ് കണക്ക്. ഫുക്കറ്റ്-ഡല്‍ഹി വിമാനവുമായി ബന്ധപ്പെട്ട സംഭവത്തിന് പിന്നാലെ, ഡിജിസിഎ എല്ലാ എയര്‍ലൈനുകളിലെയും പൈലറ്റുമാര്‍ക്ക് പരിശോധന നിര്‍ബന്ധമാക്കിയിരുന്നു. അതിനു മുന്നോടിയായി എയര്‍ ഇന്ത്യ ഗ്രൂപ്പ് സ്വമേധയാ എയര്‍ ഇന്ത്യയിലെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിലെയും ഏകദേശം 5,000 പൈലറ്റുമാരില്‍ ഒറ്റത്തവണ റാന്‍ഡം ഡ്രഗ് ടെസ്റ്റുകള്‍ ആരംഭിച്ചിരുന്നു.
അതേസമയം, വ്യോമയാന ജീവനക്കാരിലെ ലഹരി ഉപയോഗം പരിശോധിക്കുന്നതിനുള്ള കൂടുതല്‍ കര്‍ശനമായ ചട്ടങ്ങളുടെ കരട് പട്ടിക ഈ മാസം അവസാനത്തോടെ ഡിജിസിഎ പുറത്തിറക്കിയേക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി കെ രാംമോഹന്‍ നായിഡു അറിയിച്ചു. നിലവിലെ ചട്ടപ്രകാരം പ്രതിവര്‍ഷം 10 ശതമാനം പൈലറ്റുമാര്‍ക്ക് റാന്‍ഡം പരിശോധന നടത്തണമെന്നാണ് വ്യവസ്ഥ. ഇതിന് പകരം എല്ലാ പൈലറ്റുമാര്‍ക്കും വര്‍ഷത്തില്‍ ഒരിക്കല്‍ ഡോപ്പ് ടെസ്റ്റ് നടത്തണമെന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഡിജിസിഎയോട് നിര്‍ദേശിച്ചതെന്ന് കഴിഞ്ഞ മാസം മന്ത്രി വ്യക്തമാക്കിയിരുന്നു.
ഡിജിസിഎ വ്യോമയാന ജീവനക്കാരില്‍ സൈക്കോ ആക്ടീവ് ലഹരിവസ്തുക്കളുടെ ഉപയോഗം പരിശോധിക്കുന്നതിനുള്ള ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കുന്നതിന് നേരത്തെ തന്നെ ധാരണയായിരുന്നു. എന്നാല്‍ എയര്‍ ഇന്ത്യ വിമാനവുമായി ബന്ധപ്പെട്ട സംഭവത്തിന് പിന്നാലെ കൂടുതല്‍ കര്‍ശനമായ ഡ്രഗ് ടെസ്റ്റിങ് സംവിധാനവും ലഹരി ഉപയോഗം സ്ഥിരീകരിച്ചാല്‍ ശക്തമായ അച്ചടക്ക നടപടികളും വേണമെന്ന ആവശ്യം ഉയര്‍ന്നു. ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള കൂടിയാലോചനകള്‍ തുടരുന്നതിനിടെയാണ് എല്ലാ എയര്‍ലൈനുകളിലെയും പൈലറ്റുമാര്‍ക്ക് ഏകദേശം 12 മാസത്തിനുള്ളില്‍ ഒറ്റത്തവണ ഡ്രഗ് ടെസ്റ്റ് നടത്താന്‍ ഡിജിസിഎ തീരുമാനിച്ചത്.

