നിശബ്ദ കൊലയാളി’യെ സൂക്ഷിക്കണം; മുന്നറിയിപ്പുമായി ദുബായി പൊലീസ്

1 min read
SHARE

നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന വാതകമായ കാര്‍ബണ്‍ മോണോക്‌സൈഡിനെ കുറിച്ച് പൊതുജനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി ദുബായി പൊലീസ്. നിറമില്ലാത്തതും മണമില്ലാത്തതുമായ കാര്‍ബണ്‍ മോണോക്‌സൈഡ് അബദ്ധവശാല്‍ പോലും ശ്വസിക്കരുതെന്നും ശ്വസിച്ചാല്‍ മരണകാരണമാകുമെന്നും ദുബായി പൊലീസ് പുറത്തിറക്കിയ വിഡിയോയില്‍ മുന്നറിയിപ്പ് നല്‍കി.കാറുകള്‍, ട്രക്കുകള്‍, ചെറിയ എഞ്ചിനുകള്‍, സ്റ്റൗ, വിളക്കുകള്‍, ഗ്രില്ല്, ഫയര്‍പ്ലേസ്, ഗ്യാസ് റേഞ്ച്, ചൂള തുടങ്ങിയവയില്‍ നിന്ന് പുറത്തേക്ക് വരുന്ന പുകയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് അടങ്ങിയിട്ടുണ്ടാകും. ഇത് വീടിനുള്ളിലോ വാഹനങ്ങള്‍ക്കകത്തോ കെട്ടിനില്‍ക്കുകയും തിരിച്ചറിയാന്‍ കഴിയാത്ത ഇവ ശ്വസിക്കുന്നതിലൂടെ മരണം സംഭവിക്കുകയും ചെയ്യുന്നു. മുറിക്കുള്ളിലോ വാഹനങ്ങള്‍ പോലുള്ള അടച്ച സ്ഥലങ്ങളിലോ ഇരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

തലവേദന, തലകറക്കം, ബലഹീനത, വയറുവേദന, ഛര്‍ദ്ദി, നെഞ്ചുവേദന, എന്നിവയാണ് കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാല്‍ സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങള്‍. അടച്ചിച്ച മുറിക്കുള്ളിലോ മറ്റോ പ്രവേശിക്കുമ്പോള്‍ ആദ്യം തന്നെ വാതിലുകളും ജനലുകളും തുറന്ന് ശുദ്ധമായ വായു സഞ്ചാരം ഉറപ്പുവരുത്തണം. സുരക്ഷയ്ക്കായി വീടുകളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് തിരിച്ചറിയുന്ന അലാറം സ്ഥാപിക്കാനും ദുബായി പൊലീസ് നിര്‍ദ്ദേശിച്ചു.