സ്കൂൾ ജീവിതം ആസ്വദിക്കൂ, മഴ സുരക്ഷക്കു ഭീഷണിയായാൽ ഞാൻ അവധി തരാം’; ‍‍വൈറലായി എറണാകുളം ജില്ലാ കളക്ടറുടെ പോസ്റ്റ്

1 min read
SHARE

മഴയല്ലേ അവധി തരുമോ” മെയ് മാസം അവസാനത്തോടെ മഴ കനത്തതോടെ  അവധിയും ചോദിച്ച് ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ എത്തുന്ന കുട്ടികളുടെ എണ്ണവും കൂടി. അവരോട് സ്കൂൾ ജീവിതത്തിൻ്റെ മനോഹാരിതയെ കുറിച്ച് വിവരിച്ച്, പഠിച്ച് മിടുക്കരാവാൻ പറയുകയാണ്  ജില്ലാ കളക്ടർ എൻ എസ് കെ  ഉമേഷ്‌.  ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച പോസ്റ്റിലാണ് ജില്ലാ കളക്ടർ ഇത് പറഞ്ഞത്.

“ജീവിതത്തിലെ നല്ല കാര്യങ്ങളുടെ മ്യൂല്യം അത് അനുഭവിക്കുമ്പോൾ അറിഞ്ഞു എന്നു വരില്ല.  ഒരു കാലം വരും. സ്കൂളിലേക്ക് തിരികെ പോകാൻ തോന്നും. അപ്പോൾ അതിന് സാധിക്കുകയില്ല. സ്കൂൾ ജീവിതം ഏറ്റവും നന്നായി ആസ്വദിക്കൂ. ഇനി ഇക്കാലം തിരികെ വരില്ല,” ജില്ലാ കളക്ടർ പറഞ്ഞു.

അതേസമയം മഴ മാറി മാനം തെളിഞ്ഞതോടെ തിങ്കളാഴ്ച (ജൂൺ 2) പുതിയ അധ്യായന വർഷം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ജില്ലയിലെ സ്കൂളുകൾ. ഇനി അവധി ആവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യങ്ങളൊക്കെ നിർത്തി സ്കൂളുകളിൽ എത്തി  കൂട്ടുകാരുമായി കളിച്ച് ചിരിച്ചു പഠിച്ച് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മകൾ സൃഷ്ടിക്കാൻ പറയുകയാണ് കളക്ടർ. മഴ മുന്നറിയിപ്പുള്ള സാഹചര്യങ്ങളിൽ മഴയുടെ തീവ്രതയും, സുരക്ഷ സാഹചര്യങ്ങളും പരിശോധിച്ച് കൃത്യമായി അവധി പ്രഖ്യാപിക്കുന്നതാണെന്നും കളക്ടർ പറഞ്ഞു.