ഇ പി ജയരാജൻ ബിജെപിയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചു, പക്ഷെ ബിജെപിക്ക് താത്പര്യമില്ല’; എ പി അബ്ദുല്ലക്കുട്ടി

എം വി ഗോവിന്ദനേയും പി ജയരാജനെയും വിമർശിക്കാൻ തട്ടിക്കൂട്ടിയ പുസ്തകമാണ് ഇ പി ജയരാജന്റെ ആത്മകഥയെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി. ഗോവിന്ദനോട് കടുത്ത വിരോധമാണ് ഇ പിക്കുള്ളത്. അതുകൊണ്ടാണ് പരിപാടിയിലേക്ക് ക്ഷണിക്കാതിരുന്നത്. പി ജയരാജൻ ഒരു പുസ്തകം എഴുതിയാൽ ഇ പി ജയരാജന്റെ കഥകൾ എല്ലാം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇ പി ജയരാജന് ബിജെപിയിൽ ചേരാൻ ആഗ്രഹമുണ്ടായിരുന്നെന്നും എന്നാൽ ബിജെപിക്ക് താത്പര്യമില്ലായിരുന്നെന്നും എ പി അബ്ദുല്ലക്കുട്ടി പറഞ്ഞു.
അതിനിടെ ആത്മകഥയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ രംഗത്തുവന്നു. പുസ്തകം വായിച്ചിരുന്നെങ്കിൽ എല്ലാത്തിനും വ്യക്തത വരുമായിരുന്നു. വായിച്ചിട്ടും സംശയം ഉണ്ടെങ്കിൽ കണ്ണൂരിൽ ഒരു പരിപാടി സംഘടിപ്പിക്കുമെന്നും അവിടെ മറുപടി പറയാമെന്നും ഇ പി ജയരാജൻ പറഞ്ഞു.
അതേസമയം, വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട ആത്മകഥയിലെ ഇ പി ജയരാജന്റെവിമർശനത്തിൽ പ്രതികരിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തയ്യാറായില്ല.വിവാദത്തിൽ നേതൃത്വം കൃത്യ സമയത്ത് വ്യക്തത വരുത്തിയില്ലെന്നായിരുന്നു ഇ പി ജയരാജന്റെ വിമർശനം.
ഇപി ജയരാജന്റെ ആത്മകഥയിൽ സിപിഐഎം നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനമുണ്ട്. വൈദേകം റിസോർട്ട് വിവാദം ഉയർന്നപ്പോൾ ബന്ധപ്പെട്ടവർ കൃത്യ സമയത്ത് വ്യക്തത വരുത്തിയില്ലെന്നും പി ജയരാജൻ ഉന്നയിച്ച വിഷയം വളച്ചൊടിക്കുകയാണ് ചിലർ ചെയ്തതെന്നുമാണ് വിമർശനം.
ദിവസങ്ങളോളം വാർത്ത പ്രചരിച്ചത് വലിയ വിഷമമുണ്ടാക്കി. ആ സമയത്ത് വ്യക്തത വരുത്തിയിരുന്നെങ്കിൽ വ്യക്തിപരമായ അധിക്ഷേപം നിലക്കുമായിരുന്നു. ഒരു സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനത്തെ പോലെ സഹായിക്കാൻ പാടുണ്ടോയെന്ന് മാത്രമാണ് പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ചോദിച്ചത്. ജയരാജൻ ഉന്നയിച്ച വിഷയം വളച്ചൊടിച്ച് പ്രചരിപ്പിച്ചുവെന്നും അദ്ദേഹം ആത്മകതയിൽ ചൂണ്ടിക്കാട്ടുന്നു.


