‘നിർഭയ സംഭവത്തിന് ശേഷവും സമൂഹത്തിന് മറവി രോഗം പിടിച്ചു’; കൊൽക്കത്ത സംഭവത്തിൽ രാഷ്ട്രപതി
1 min read

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളജ് വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഇരുപത് ദിവസങ്ങൾക്ക് ശേഷം മൗനം വെടിഞ്ഞ് രാഷ്ട്രപതി ദ്രൗപദി മുർമു. ‘നിർഭയക്ക് ശേഷവും സമൂഹത്തിന് ഒന്നാകെ മറവിരോഗം ബാധിക്കുന്നത് ഉചിതമല്ലെന്ന്’ രാഷ്ട്രപതി പറഞ്ഞു. ‘കൊൽക്കത്ത സംഭവം ഭയാനകവും ആശങ്കപ്പെടുത്തുന്നതുമാണ്. സംഭവിച്ചത് സംഭവിച്ചു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും’ മുര്‍മു പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ആഗസ്റ്റ് ഒമ്പതിനായിരുന്നു വനിതാ പിജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ, സിവിക് വൊളണ്ടിയർ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറുടെ മരണത്തിന് പിന്നാലെ, സംസ്ഥാനത്ത് പ്രതിഷേധമിരമ്പി. ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഡോക്ടർമാർക്ക് സുരക്ഷിതത്വം ഏർപ്പെടുത്തണമെന്നുമാവശ്യപ്പെട്ട് ആർജി കറിലെയും മറ്റു മെഡിക്കൽ കോളേജുകളിലെയും ഡോക്ടർമാർ പണിമുടക്കുകയും ചെയ്തിരുന്നു. അതേസമയം കേസിൽ അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയുമായി അടുപ്പമുണ്ടെന്ന് പറയപ്പെടുന്ന സിറ്റി പോലീസ് അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ അനുപ് ദത്തയെ നുണ പരിശോധനയ്ക്ക് വിധേയനാക്കാൻ അനുമതി തേടി സിബിഐ സംഘം കൊൽക്കത്ത കോടതിയെ സമീപിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതി, അനൂപ് ദത്തയോട് കുറ്റകൃത്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടോയെന്നും എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും കണ്ടെത്താനാണ് ശ്രമം. മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിൻ്റെ നുണപരിശോധന സിബിഐ പൂർത്തിയാക്കി. മുഖ്യപ്രതി സഞ്ജയ് റോയിയെയും നുണപരിശോധനക്ക് വിധേയനാക്കിയിരുന്നു. ആറുപേരുടെ നുണപരിശോധനയാണ് ഇതുവരെ നടന്നത്.
