October 25, 2026

ഗ്യാനേഷ് കുമാറിന് എതിരെ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യ സഖ്യം: മുഴുവൻ എംപിമാരോടും പ്രധാന നേതാക്കളോടും ഡൽഹിയിൽ എത്താൻ നിർദേശം

SHARE

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് എതിരെ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യ സഖ്യം. മുഴുവൻ എംപിമാരോടും പ്രധാന നേതാക്കളോടും ഡൽഹിയിൽ എത്താൻ മല്ലികാർജുൻ ഖർഗെ നിർദേശം നൽകി. ഈ മാസം 30, 31, നവംബർ 1 തീയതികളിൽ ഡൽഹിയിൽ തുടരാനാണ് നിർദേശം. 30 ന് ഗ്യാനേഷ് കുമാറിന് എതിരായ മോക് ഇംപീച്ച്മെൻ്റ്, ഒന്നിന് രാം ലീല മൈതാനിയിൽ വൻ റാലി എന്നിവയാണ് പ്രധാന പരിപാടികൾ. ചൊവ്വാഴ്ച ഡൽഹയിൽ സിപിഐ മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. തുടർ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ 273 കമ്പനി കേന്ദ്രസേനയുടെ വിന്യാസം ഈ മാസം 31 വരെ നീട്ടി. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് ആകെ 57 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു.അതിനിടെ നവംബർ 1ലെ മഹാ റാലി മാറ്റണമെന്ന് ആവശ്യപെട്ട് വ്യാപാര സംഘടനകൾ രാഹുൽഗാന്ധിക്ക് കത്തയച്ചു.റാലി ദീപാവലി കച്ചവടത്തെ ബാധിക്കുമെന്ന് വ്യാപാരികൾ കത്തിൽ. ക്രമസമാധാന നിലയും സുരക്ഷയും നേരിട്ട് വിലയിരുത്താൻ, ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തെത്തിയിരുന്നു. അതേസമയം ഇന്നും യുവജന – വിദ്യാർഥി സംഘടനകൾ ഡൽഹിയിൽ മിന്നൽ പ്രതിഷേധങ്ങൾ നടത്തും. കോൺഗ്രസ് ഇന്ന് പഞ്ചായത്ത് അടിസ്ഥാനത്തിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും.