December 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
December 10, 2024

ഇന്നസെന്റിന് വിട ചൊല്ലി കലാകേരളം

1 min read
SHARE

ഇന്നസെന്റിന് വിട ചൊല്ലി കലാകേരളം. സംസ്‌കാരം വന്‍ ജനാവലിയെ സാക്ഷിയാക്കി ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്നു. വീട്ടിലെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം നൂറുകണക്കിനാളുകള്‍ പങ്കെടുത്ത വിലാപയാത്രയോടെയാണ് മൃതദേഹം മാതാപിതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ കല്ലറയിലേക്ക് കൊണ്ട് പോയത്. സിനിമാ, രാഷ്ട്രീയ സാംസ്‌കാരിക ലോകത്തെ പ്രമുഖരും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.

അഭിനേതാവ് എന്നതിനൊപ്പം വലിപ്പച്ചെറുപ്പമില്ലാതെ മലയാള സിനിമാ ലോകത്തെ ഒന്നടക്കം ചേര്‍ത്തു പിടിച്ച വ്യക്തിത്വങ്ങളിലൊരാളെന്നാണ് ഇന്നസെന്റിനെ സഹപ്രവര്‍ത്തകര്‍ ഓര്‍മ്മിക്കുന്നത്. സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ തലപ്പത്ത് പ്രസിഡന്റ് പദവിയില്‍ പതിനെട്ട് വര്‍ഷത്തോളം കാലയളവില്‍ അദ്ദേഹമിരുന്നതിന് കാരണവുമതാണ്

750 ഓളം ചിത്രങ്ങളില്‍ നിറസാന്നിധ്യമായിരുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട ഇന്നച്ചന്റെ മത്തായിച്ചേട്ടനെയും വാര്യരെയും കിട്ടുണ്ണിയെയുമൊന്നും ഒരുകാലത്തും മലയാളിക്ക് മറക്കാനാകില്ല. 1972 -ല്‍ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അദ്ദേഹം അര നൂറ്റാണ്ട് കാലമാണ് മലയാളത്തെ ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും. കാന്‍സര്‍ രോഗത്തെ അതിജീവിച്ച് വീണ്ടും മലയാളിക്ക് മുന്നില്‍ നിറ ചിരി തെളിയിച്ച ഇന്നച്ഛനെ മരണം കവര്‍ന്നെടുത്തെങ്കിലും കഥാപാത്രങ്ങളിലൂടെ അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടുമെന്നുറപ്പ്.