September 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
September 9, 2024

ഇരിണാവിൽ ജനകീയാരോഗ്യകേന്ദ്രം തുടങ്ങും: ആരോഗ്യ മന്ത്രി

1 min read
SHARE

ഇരിണാവിൽ ജനകീയ ആരോഗ്യ കേന്ദ്രം ആരംഭിക്കുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടികളുടെ ഭാഗമായി ഇരിണാവ് ഗവ ആയുർവേദ ആശുപത്രി ഒ പി ബ്ലോക്കും പേ വാർഡും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇരിണാവിൽ സബ്‌സെന്റർ വേണമെന്ന ആവശ്യം പരിഗണിച്ചാണ് ജനകീയാരോഗ്യകേന്ദ്രം ആരംഭിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. ആരോഗ്യരംഗത്ത് ഏറ്റവും മികച്ച ചികിത്സാരീതികൾ സർക്കാർ നടപ്പാക്കുന്നതായി മന്ത്രി പറഞ്ഞു. 12 ജില്ലാ ആശുപത്രികളിൽ കാത്ത് ലാബുകൾ സജ്ജമാക്കി. എല്ലാ ജില്ലകളിലും പക്ഷാഘാത പരിചരണ വിഭാഗങ്ങൾ, താലൂക്കാശുപത്രികളിൽ ഡയാലിസിസ് സൗകര്യങ്ങൾ എന്നിവ ഒരുക്കി. ആയുഷ് മേഖലയിലെ നേട്ടങ്ങൾ രോഗപ്രതിരോധ രംഗത്ത് മുതൽക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു. നാഷണൽ ആയുഷ്മിഷൻ ഫണ്ട് ഉപയോഗിച്ച് 83.6 ലക്ഷം രൂപ ചെലവിലാണ് ആയുർവേദ ആശുപത്രിക്കായി ഒ പി ബ്ലോക്കും പേ വാർഡും നിർമിച്ചത്. 2250 ചതുരശ്ര അടിയിൽ പണിത കെട്ടിടത്തിൽ രണ്ട് നിലകളിലായി നാല് മുറികൾ, ഫാർമസി, ക്രിയാമുറി, മൂന്ന് ഒപി മുറികൾ എന്നിവ ഉണ്ട്. പുതിയ വാർഡും ഒ പി ബ്ലോക്കും പൂർത്തിയായതോടെ പ്രദേശത്തെ ജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനം നൽകുന്നതിന് സാധിക്കും. എം വിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ, കെ സി സി പി എൽ ചെയർമാൻ ടി വി രാജേഷ് എന്നിവർ വിശിഷ്ടാതിഥികളായി. കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ടി ബാലകൃഷ്ണൻ, വൈസ് പ്രസിഡണ്ട് സി നിഷ, ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടർ ഡോ. കെ എസ് പ്രിയ, ജില്ലാ മെഡിക്കൽ ഓഫീസർ (ഐ എസ് എം) ഡോ. ജോമി ജോസഫ്, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മഞ്ജു ജോസഫ് എന്നിവർ സംസാരിച്ചു.