August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 11, 2026

ഇത്രയും റോഡുകൾക്ക് ഒരുമിച്ച് ഭരണാനുമതി നൽകുന്നത് അപൂർവം, ഗ്രാമീണ കേരളത്തിന്റെ മുഖച്ഛായ മാറ്റും: മന്ത്രി എം ബി രാജേഷ്

SHARE

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി ഗ്രാമീണ കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് മന്ത്രി എം ബി രാജേഷ്. 2024-25ലെ ബജറ്റിൽ ആയിരം കോടി രൂപയാണ് തദ്ദേശ റോഡ് പുനരുദ്ധാരണത്തിനായി വകയിരുത്തിയത് എന്നും ഇതിൽ 3540 റോഡുകളുടെ പുനർനിർമ്മാണത്തിന് 840 കോടിയുടെ പദ്ധതിക്കാണ് ഒരുമിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ഇപ്പോൾ ഭരണാനുമതി നൽകിയത് എന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി .

ഇത്രയും റോഡുകൾക്ക് ഒരുമിച്ച് ഭരണാനുമതി നൽകുന്നത് അപൂർവമാണ് എന്നും മന്ത്രി കുറിച്ചു. ബാക്കിയുള്ള 160 കോടിയുടെ റോഡുകൾക്ക് കൂടി ഉടൻ ഭരണാനുമതി നൽകാനാവുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു . മെയ് 31നകം എല്ലാ റോഡുകളുടെയും നിർമ്മാണം പൂർത്തിയാക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയർമാർക്കാണ് നിർവഹണ ചുമതല എന്നും സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോജിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

 

ഗ്രാമീണ മേഖലയിലെ യാത്രാപ്രശ്നം പരിഹരിക്കാനും, പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കാനും പദ്ധതി സഹായകരമാകുമെന്ന കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി.നിലവിലുള്ള ഗ്രാമീണ റോഡുകളുടെ പുനർനിർമ്മാണവും റീടാറിംഗും വീതി കൂട്ടലുമുൾപ്പെടെയുള്ള പ്രവൃത്തികൾ പദ്ധതിയിലൂടെ ഏറ്റെടുക്കാനാവും. ഓരോ റോഡിനും 15 മുതൽ 45 ലക്ഷം രൂപ വരെയാണ് വകയിരുത്തിയിരിക്കുന്നത് എന്നും . എംഎൽഎമാരുടെ ശുപാർശ പ്രകാരമായിരുന്നു റോഡുകളുടെ തെരഞ്ഞെടുപ്പ് എന്നും മന്ത്രി വ്യക്തമാക്കി.