പൊലീസിനെതിരെ കുറിപ്പ് എഴുതി വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു
1 min readഓച്ചിറ എസ് ഐ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർത്ഥിയുടെ ആത്മഹത്യ കുറിപ്പ്. വിഷക്കായ കഴിച്ച പ്ലസ് വൺ വിദ്യാർത്ഥി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. കൊല്ലം ഓച്ചിറ പൊലീസിനെതിരെയാണ് ക്ലാപ്പന സ്വദേശിയായ പതിനാറുകാരന്റെ പരാതി
അടിപിടിക്കേസിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നും പറ്റില്ലെന്ന് അറിയിച്ചപ്പോള്‍ പൊലീസ് ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. വിദ്യാർഥി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. വിദ്യാർഥി എഴുതിയ ആത്മഹത്യാക്കുറിപ്പ് ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കുകയും ഇത് കണ്ട സുഹ്യത്തുക്കള്‍ വിദ്യാർഥിയുടെ വീട്ടിൽ എത്തി ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
കഴിഞ്ഞ 23 ന് വൈകിട്ട് അക്രമികൾ ചികിത്സയിലുള്ള വിദ്യാർഥി ഉൾപ്പെടെ നാലു പേരെ ആക്രമിച്ചിരുന്നു. ഇതിനെതിരെ നൽകിയ പരാതിയിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നാണ് ആരോപണം. എന്നാൽ ഇരുകൂട്ടരേയും വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.