May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 19, 2025

കണ്ണാടിപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട നിര്‍മാണം; ശിലാസ്ഥാപനം നടത്തി

1 min read
SHARE

 

കണ്ണാടിപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ.വി സുമേഷ് എംഎല്‍എ നിര്‍വഹിച്ചു. ക്ലാസ് മുറികളും സ്‌കൂളുകളും ആകര്‍ഷണീയമാക്കിക്കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്ന് എംഎല്‍എ പറഞ്ഞു. 2024-25 വര്‍ഷത്തെ ഗവ. പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ട് കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. ആറ് ക്ലാസ് മുറികളും ശൗചാലയവും കൗണ്‍സിലിംഗ് മുറിയും സ്റ്റെയര്‍ കെയിസുമടങ്ങുന്ന കെട്ടിടത്തിന്റെ ആകെ വിസ്തീര്‍ണ്ണം 490.45 ച.മീറ്ററാണ്. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായതിനെ തുടര്‍ന്ന് ടെണ്ടര്‍ നടപടികളിലേക്ക് കടന്ന് ഒരു വര്‍ഷത്തെ പൂര്‍ത്തീകരണ കാലാവധിയോട് കൂടിയാണ് പ്രവൃത്തി ആരംഭിച്ചിട്ടുള്ളത്. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമായ കണ്ണാടിപറമ്പ് ജി.എച്ച്.എസ്.എസ്. വിദ്യാഭ്യാസ രംഗത്ത്
മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാലയങ്ങളില്‍ ഒന്നാണ്. സ്‌കൂളിന്റെ സുഗമമായ മുന്നേറ്റത്തിന് പുതിയ കെട്ടിടം കൂടുതല്‍ സഹായകരമാകും. അഴീക്കോട് നിയോജക മണ്ഡലത്തില്‍ കെ വി സുമേഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘മഴവില്ല്’ നടന്നുവരികയാണ്. മഴവില്‍ പദ്ധതിയുടെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്നത്.

നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രമേശന്‍ അധ്യക്ഷനായി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വി സാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാപഞ്ചായത്ത് അംഗം കെ താഹിറ, ബ്ലോക്ക്പഞ്ചായത്ത് അംഗം ടി റാഷിദ, പിടിഎ പ്രസിഡന്റ് മിഹറാബി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഒ.സി പ്രസന്നകുമാരി, പ്രധാന അധ്യാപിക പി.പി ഇന്ദിര, ആര്‍ ആര്‍ ഡി രാജേഷ്, പി.വി അബ്ദുള്ള മാസ്റ്റര്‍, കെ ബൈജു, പ്രശാന്തന്‍ മാസ്റ്റര്‍, പി രാമചന്ദ്രന്‍, പി ശ്രീധരന്‍, രത്നാകരന്‍, കെ.ടി വഹാബ് തുടങ്ങിയവര്‍ പങ്കെടുത്തു.