കേരള PSCയില്‍ പൊലീസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കടുംവെട്ട്; കട്ട് ഓഫ് മാര്‍ക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചു, നീക്കം ധനപ്രതിസന്ധി മറയ്‌ക്കാനെന്ന് ആരോപണം
1 min read

തിരുവനന്തപുരം: പൊലീസ് ബറ്റാലിയൻ എസ്‌എപി, കെഎപി വിഭാഗങ്ങളിലായി ഉദ്യോഗാർത്ഥികളെ വെട്ടിക്കുറയ്‌ക്കുന്നു. ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത കട്ട് ഓഫ് മാർക്ക് കുത്തനെ വർധിപ്പിച്ചാണ് വിവിധ ഘട്ടങ്ങളിലായി ഉദ്യോഗാർത്ഥികളെ മെയിൻ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുന്നത്.
കേരളാപൊലീസിന്റെ ഏഴ് ബറ്റാലിയനുകളിലേക്ക് വേണ്ടിയാണ് സിവില്‍ പോലീസ് ഓഫീസർമാരെ എടുക്കുന്നത്. കെഎപി ഒന്നു മുതല്‍ അഞ്ചുവരെയും എസ്‌എപി, എംഎസ്പി എന്ന വിഭാഗങ്ങളിലേക്കുമാണിത്. പരീക്ഷ വിവിധ ഘട്ടങ്ങളായാണ് നടക്കുന്നത്. കട്ട് ഓഫ് മാർക്കും ഇങ്ങനെയാണ് നല്‍കുന്നത്. രണ്ട് ഘട്ടങ്ങളിലായി കായിക പരിശോധന, മെഡിക്കല്‍ ടെസ്റ്റ്. അതിനുശേഷം ആണ് മെയിൻ ലിസ്റ്റ് പുറത്തുവിടുക.
അടുത്തിടെ വിവാദമായ സിപിഒ റാങ്ക് ലിസ്റ്റിന്റെ പരീക്ഷയുടെ ഫലം പുറത്തുവിട്ടപ്പോള്‍ പതിനായിരത്തിലധികം പേർ ലിസ്റ്റിലുണ്ടായിരുന്നു. വിവിധ ഘട്ടങ്ങളിലെ കട്ട് ഓഫും പരീക്ഷയുമൊക്കെ കഴിഞ്ഞു വന്നപ്പോള്‍ അത് 4000 ആയി കുത്തനെ കുറഞ്ഞു. 9000 പേർ ഉള്‍പ്പെട്ട 2024 എസ്‌എപി ലിസ്റ്റില്‍ നിന്നും ഷോർട്ട് ലിസ്റ്റില്‍ വന്നത് 744 പേർ മാത്രമാണ്.മെഡിക്കല്‍ ടെസ്റ്റ് കൂടി കഴിഞ്ഞപ്പോള്‍ അത് 400 പേരായി ചുരുങ്ങി.
ഈ ലിസ്റ്റുകളില്‍ നിന്ന് ഉദ്യോഗാർത്ഥികളെ എടുക്കുന്നില്ലെന്ന് മാത്രമല്ല, ഒഴിവുകള്‍ കൃത്യമായി പിഎസ്‌സിയില്‍ റിപ്പോർട്ട് ചെയ്യുന്നുമില്ല. സേനയിലെ അംഗബലം കൂട്ടണമെന്ന ആവശ്യം ഉയരുമ്ബോഴും ധനപ്രതിസന്ധി ചൂണ്ടിക്കാട്ടി യുവാക്കളുടെ തൊഴില്‍ നിഷേധിക്കുകയാണ് സർക്കാർ.
