കോൺഗ്രസ് പ്രവർത്തകരുടെ കേസുകൾ ഏറ്റെടുത്തു നടത്താനൊരുങ്ങി കെ.പി.സി.സി
1 min readകോൺഗ്രസ് പ്രവർത്തകരുടെ കേസുകൾ ഏറ്റെടുത്തു നടത്താനൊരുങ്ങി കെ.പി.സി.സി. കേസുകളിൽ പെട്ട ബൂത്ത് തലം മുതൽ ജില്ലാതലം വരെയുള്ള കോൺഗ്രസ് പ്രവർത്തകരുടെ പട്ടിക കെപിസിസിക്ക് സമർപ്പിക്കാൻ നിർദ്ദേശം. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ ആണ് നേതാക്കൾക്ക് നിർദേശം നൽകിയത്. രാഷ്ട്രീയ സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ കേസുകളിൽ അകപെട്ടവർക്ക് സഹായം എന്നുള്ളതാണ് കെപിസിസിയുടെ പ്രവർത്തകരോടുള്ള വാഗ്ദാനം. രാഷ്ട്രീയ സംഘർഷങ്ങളിൽ പെട്ടവർക്കും നിയമസഹായം ഒരുക്കം. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെഎസ്യു പ്രവർത്തകരുടെ കേസുകളാണ് കെപിസിസി ഏറ്റെടുത്തു നടത്തുക. 14 ഡിസിസി അധ്യക്ഷൻമാർക്കും, യൂത്ത് കോൺഗ്രസ്, കെഎസ്യു , മഹിളാ കോൺഗ്രസ് സംസ്ഥാന ജില്ലാ അധ്യക്ഷൻ മാർക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. എത്രയും വേഗം അവരവരുടെ പ്രവർത്തന പരിധിയിൽ പെടുന്ന കേസുകളിൽ പെട്ട പ്രവർത്തകരുടെ വിവരങ്ങൾ കെപിസിസിക്ക് സമർപ്പിക്കാനാണ് നിർദ്ദേശം. ഇതിനായി ലീഗൽ എയ്ഡ് കമ്മിറ്റി ചെയർമാനെയും കെപിസിസി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെയും ചുമതലപ്പെടുത്തി. കേസിൽ പെടുന്ന പ്രവർത്തകരെ പാർട്ടി തിരിഞ്ഞുനോക്കുന്നില്ല എന്ന ആക്ഷേപം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. സംസ്ഥാന സർക്കാരിനെതിരെ വീണ്ടും സമരപരിപാടികൾ കടുപ്പിക്കാൻ ഒരുങ്ങുകയാണ് കെപിസിസി. കേസുകളുടെ പേരിൽ പ്രവർത്തകർ മാറി നിൽക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ കൂടിയാണ് ഇപ്പോഴത്തെ തീരുമാനം. നേരത്തെ പ്രവർത്തകരുടെ കേസുകൾ നടത്താൻ പ്രത്യേക സംവിധാനം പാർട്ടി ഒരുക്കിയിരുന്നു. എന്നാൽ അത് വേണ്ട വിധത്തിൽ പ്രയോജനപ്പെട്ടില്ല എന്നാണ് ആക്ഷേപം.